ന്യൂദല്‍ഹി- ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍മാരായ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ നല്‍കി എല്ലാ അനുമതികളും പിന്‍വലിക്കണമെന്ന് ആര്‍എസ്എസ് പോഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു. ഇവരുടെ പ്രവര്‍ത്തനം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സിബിഐ അന്വേഷിക്കണമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച രാഷ്ട്രീയ സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഈ കമ്പനികളില്‍ നിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസര്‍മാരോ ഉന്നത പദവിയില്‍ ഇരിക്കുന്നവരോ വല്ല നേട്ടവും ഉണ്ടാക്കി എന്നു കണ്ടെത്തിയാല്‍ അവരെ ഉടന്‍ അവധിയില്‍ വിട്ട് അന്വേഷണം നടത്തണമെന്നും കുറ്റക്കാരെന്നു കണ്ടാല്‍ ശിക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സെപ്തംബറില്‍ ആര്‍എസ്എസ് ബന്ധമുള്ള പ്രസിദ്ധീകരണമായി പാഞ്ചജന്യയില്‍ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനുമെതിരെ ലേഖനം വന്നിരുന്നു. ഈ കമ്പനികളുടെ അഴിമതിയെ കുറിച്ചായിരുന്നു ലേഖനം. ആമസോണ്‍ പുതിയ ഈസ്റ്റ് ഇന്ത്യ കമ്പനിയാണെന്നും പ്രൈം വിഡിയോയിലൂടെ ഹിന്ദു മൂല്യങ്ങളെ ആക്രമിക്കുകയാണെന്നുമായിരുന്നു ലേഖനത്തിലെ ആരോപണം.