Sorry, you need to enable JavaScript to visit this website.

പഞ്ചാബില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍

ചണ്ഡീഗഢ്- നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പഞ്ചാബില്‍  രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പ്രതാപ് സിങ് ബജ്‌വയുടെ സഹോദരനും ഖാദിയാന്‍ എംഎല്‍എയുമായ ഫതേഹ് ജങ് സിങ് ബജ് വ, ഹര്‍ഗോബിന്ദ്പൂര്‍ എംഎല്‍എ ബല്‍വീന്ദര്‍ സിങ് ലഡ്ഡി എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്. ഈ രണ്ട് സിറ്റിങ് എംഎല്‍എമാരെ കൂടാതെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയ, മുന്‍ എംപി രജ്‌ദേവ് സിങ് ഖല്‍സ, മുന്‍ എംഎല്‍എ ഗുര്‍തേജ് സിങ് ഘുരിയാന, യുനൈറ്റഡ് ക്രിസ്റ്റ്യന്‍ ഫ്രണ്ട് ഓഫ് പഞ്ചാബ് പ്രസിഡന്റ് കമല്‍ ബക്ഷി എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ പാര്‍ട്ടി ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് ഇവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. 

കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ്, മുന്‍ കേന്ദ്ര മന്ത്രി സുഖ്‌ദേവ് സിങ് ധിന്‍ഡ്‌സയുടെ എസ്എഡി(സംയുക്ത്) എന്നീ പാര്‍ട്ടികളുമായി ബിജെപി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ പ്രമുഖരുടെ കൂടുമാറ്റം. 

അമരീന്ദര്‍ സിങിന്റെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന നേതാവാണ് ഫതേഹ് ജങ്. അമരീന്ദര്‍ മുഖ്യമന്ത്രി പദം രാജിവച്ചതിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവിന്റെ പക്ഷത്തേക്കു മാറി. സിദ്ദുവിനെതിരായ പോരാട്ടത്തില്‍ അരീന്ദറിനൊപ്പമായിരുന്നു പാര്‍ട്ടി വിട്ട ബല്‍വീന്ദര്‍ സിങും.
 

Latest News