ആലപ്പുഴ -ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ.ആലപ്പുഴ സ്വദേശികളായ അനൂപ്, അഷ്റഫ്, റസീബ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്.ഇവരിൽ കൃത്യത്തിൽ നേരിട്ട് പങ്കുള്ളയാളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ഉന്നത പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്.ഇവരുടെ അറസ്റ്റ് ഇന്നുണ്ടാകും.പിടിയിലായ അനൂപ്, അഷ്റഫ് എന്നിവരെ ബെംഗളൂരുവിൽ നിന്നും അക്കു എന്ന് വിളിക്കുന്ന റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതെന്നാണറിയുന്നത്.ബിജെപി നേതാവിന്റെ കൊലയിൽ പോലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന വിവിധ കോണുകളിൽ നിന്നുള്ള ആരോപണത്തിനിടെയാണ് നടപടി.രഞ്ജിത്ത് വധത്തിൽ ഇതുവരെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള ഒരാളും അറസ്റ്റിലായിരുന്നില്ല.കേസിലെ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.പ്രതികൾ കേരളം വിട്ടെന്നും ഇവരെ ഉടനടി കണ്ടെത്താൻ സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതിന് തൊട്ടുപിന്നാലെയാണ് മൂന്ന് പ്രതികൾ പിടിയിലാകുന്നത്.കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ തെളിവു നശിപ്പിക്കൽ, പ്രതികളെ സഹായിക്കുക എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടവരാണ്.ഈമാസം 19ന് രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസനെ(45) അക്രമികൾ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ച് വെട്ടിക്കൊന്നത്.എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകൾക്കകമായിരുന്നു ഞ്ജിത്തിന്റെ കൊലപാതകം.ആക്രമണത്തിൽ പങ്കെടുത്തവർ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്കുകളിൽ നാലെണ്ണം നേരത്തെ കണ്ടെടുത്തിരുന്നു.12 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് പോലീസ് പറഞ്ഞിരുന്നത്.ഇതിനും പുറമെ, പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കൽ, ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് വേറെയും നിരവധി പ്രതികളുണ്ടെന്ന് പോലീസ് കരുതുന്നു.ഇവരിൽ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.എങ്കിലും കുറ്റകൃത്യത്തിൽ പങ്കുള്ളവരാരും തന്നെ പിടിയിലാകാത്തതിൽ പോലീസിനെതിരെ രൂക്ഷ വിമർശമാണുയർന്നിട്ടുള്ളത്.പ്രതികൾ ഡിജിറ്റൾ തെളിവുകൾ ഒന്നും ശേഷിപ്പിക്കാത്തതാണ് ഇവരിലേക്ക് എത്തിച്ചേരുന്നതിൽ പോലീസിനെ വലക്കുന്നത്. .ഇന്നലെ പിടിയിലായവരിൽ കൊലയാളി സംഘത്തിലുൾപ്പെട്ടവരുമുണ്ടെന്നാണ് സൂചന.അങ്ങിനെയെങ്കിൽ തങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ താത്കാലികമായെങ്കിലും പ്രതിരോധിക്കാമെന്നുള്ള ആശ്വാസത്തിലാണ് പോലീസ്.അതിനിടെ, രഞ്ജിത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവമെന്ന് കരുതുന്ന എസ് ഡി പി ഐ നേതാവ് ഷാനിന്റെ ഷാൻ വധക്കേസിൽ നേരിട്ടു പങ്കെടുത്തവർ അടക്കമുള്ളവർ പിടിയിലായിരുന്നു. ഇനി ഗൂഡാലോചനയിൽ പങ്കാളികളായ ബാക്കിയുള്ളവർ മാത്രമാണ് അറസ്റ്റിലാവാനുള്ളത്.ശേഷിക്കുന്നവരെയും ഉടൻ പിടികൂടാനാകുമെന്നും പോലീസ് കരുതുന്നു.ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ഉന്നത തല ഗൂഡാലോചനയിലുൾപ്പെട്ടവരെ കൂടി നിയമത്തിന് മുന്നിലെത്തിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.