ഇസ്‌ലാമാബാദ്- ഹരിദ്വാറില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഹിന്ദു മത സമ്മേളനത്തില്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാനും അക്രമിക്കാനും അഹ്വാനം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ (Charge d’ Affaires) വിളിച്ചു വരുത്തി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ എം സുരേഷ് കുമാറിനെയാണ് പാക് വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്ത്യയിലെ മുസ്ലിംകളെ വംശഹത്യ ചെയ്യാനുള്ള ഹിന്ദുത്വ വാദികളുടെ ആഹ്വാനത്തില്‍ പാക്കിസ്ഥാന്റെ ഗൗരവമേറിയ ആശങ്ക ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചതായും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും പരസ്പര വിമര്‍ശനം സാധാരണയാണെങ്കിലും ഒരു ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാന്‍ വിളിച്ചു വരുത്തുന്നത് അപൂര്‍വമാണ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍ വരുന്ന സാഹചര്യങ്ങളില്‍ ഇന്ത്യ പലതവണ പാക്കിസ്ഥാന്‍ നയതന്ത്ര പ്രതിനിധികളെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഓഗസ്റ്റില്‍ പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കപ്പെട്ട സംഭവത്തിലും ഇന്ത്യ പാക് പ്രതിനിധിയെ വിളിച്ചുവരുത്തിയിരുന്നു.
ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ നടന്ന ധരം സന്‍സദ് എന്ന ഹിന്ദുമത പരിപാടിയിലാണ് യതി നര്‍സിങാനന്ദ് മുസ്ലിംകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്. മുസ്ലിംകള്‍ക്കെതിരെ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഗാസിയാബാദിലെ ദസന ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ യതിക്കെതിരെ യുപിയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. യതിയെ കൂടാതെ പരിപാടിയില്‍ നടന്ന മറ്റു പ്രസംഗങ്ങളിലും മുസ്ലിം വിദ്വേഷം ഉണ്ടായിരുന്നു.