ചണ്ഡീഗഢ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിൽ ആം ആദ്മി പാര്‍ട്ടിക്ക് മിന്നും ജയം 

ചണ്ഡീഗഢ്- പഞ്ചാബ് തലസ്ഥാന നഗരമായ ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് മിന്നും ജയം. ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ച് 14 സീറ്റുകള്‍ പിടിച്ചെടുത്തു. ആദ്യമായാണ് ആം ആദ്മി പാര്‍ട്ടി ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയത്. സിറ്റിങ് മേയറും മുന്‍ മേയറും പരാജയപ്പെട്ടത് ബിജെപിക്ക് നാണക്കേടായി. ബിജെപി 12, കോണ്‍ഗ്രസ് 8, ശിരോമണി അകാലിദള്‍ 1 എന്നിങ്ങനെയാണ് സീറ്റ് നില. ആകെ 35 സീറ്റുകളാണുള്ളത്. ചണ്ഡീഗഢ് തെരഞ്ഞെടുപ്പ് ഒരു ട്രെയ്‌ലര്‍ മാത്രമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ പടം മുഴുവനായും കാണാമെന്നും എഎപി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു. എല്ലാവരും എഎപിക്കാണ് വോട്ട് ചെയ്യുന്നത്. ജനങ്ങള്‍ അരവിന്ദ് കേജ്രിവാളിന് ഒരു അവസരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് അദ്യ സൂചനയെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 20 സീറ്റ് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് നാലു സീറ്റും ബിജെപി സഖ്യകക്ഷിയായിരുന്ന അകാലി ദളിന് ഒരു സീറ്റുമായിരുന്നു. ഇത്തവണ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. പരമ്പരാഗതമായി കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയിരുന്ന ചണ്ഡീഗഢ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സര രംഗത്തിറങ്ങിയ എഎപി കാര്യമായി ചോര്‍ത്തിയത് ബിജെപി വോട്ടുകളാണെന്നാണ് സൂചന.
 

Latest News