ന്യൂദല്‍ഹി- ദല്‍ഹിയിലും ഹരിദ്വാറിലുമായി അടുത്തിടെ നടന്ന മത പരിപാടികളില്‍ വംശഹത്യയ്ക്ക് ആഹ്വാനമുണ്ടായ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഇടപെടണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്. സുപ്രീംകോടതിയിലെ 76 മുതിര്‍ന്ന അഭിഭാഷകരാണ് ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ സമീപിച്ചിരിക്കുന്നത്. ആഹ്വാനം നടത്തിയ ആളുകളുടെ പേരുകളുടെ പട്ടികസഹിതമാണ് കത്തയച്ചിരിക്കുന്നത്. പോലീസ് അലംഭാവം കാണിക്കുന്ന ഈ സംഭവത്തില്‍ അടിയന്തര ജൂഡീഷ്യല്‍ ഇടപെടല്‍ ആവശ്യമാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍, വൃന്ദ ഗ്രോവര്‍, സല്‍മാന്‍ ഖുര്‍ഷിദ്, പട്‌ന ഹൈക്കോടതി മുന്‍ ജഡ്ജി അഞ്ജന പ്രകാശ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ അഭിഭാഷകരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്.ദല്‍ഹിയിലും ഹരിദ്വാറിലുമായി നടത്തിയ പ്രസംഗങ്ങള്‍ കേവലം വിദ്വേഷ പ്രസംഗങ്ങളല്ല, മറിച്ച് ഒരു സമൂഹത്തെയാകെ ഉന്മൂലനം ചെയ്യാനുള്ള തുറന്ന ആഹ്വാനത്തിന് തുല്യമായ ഒന്നാണ്. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മാത്രമല്ല, ദശലക്ഷക്കണക്കിന് മുസ്‌ലിം പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നു' കത്തില്‍ പറയുന്നു.ഹരിദ്വാറില്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തുള്ള പരിപാടി നടന്ന് നാല് ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. പ്രസംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണിത്. ആദ്യം ഒരാളുടെ പേരില്‍ മാത്രം കേസെടുത്ത പോലീസ് പിന്നീട് ധര്‍മ ദാസ്, സാധ്വി അന്നപൂര്‍ണ്ണയുടേയും പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.