അലഹാബാദ് - വിദ്വേഷ പ്രസംഗം നടത്തി 2007ൽ ഗൊരഖ്പൂരിൽ മുസ്ലിംകൾക്കെതിരെ കലാപം ഇളക്കിവിട്ട സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറ്റവിചാരണ ചെയ്യേണ്ടതില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ആദിത്യനാഥിനെതിരെ നടപടി വേണ്ടെന്ന മുൻ യുപി സർക്കാരുകളുടെ നിലപാടിനെ ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്. ആദിത്യനാഥിനെതിരെ സി.ബി.ഐ പോലുള്ള ഏജൻസികളുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേണം വേണമെന്ന ഹർജിക്കാരുടെ ആവശ്യവും ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എ. സി ശർമ്മ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി. പോലീസ് അന്വേഷണത്തിൽ അപകാതകളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
ലോക്‌സഭാ എംപിയായിരിക്കെയാണ് ആദിത്യനാഥ് ഗൊരഖ്പൂരിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷം നിറഞ്ഞ തീപ്പൊരി പ്രസംഗം നടത്തിയത്. നിരോധനാജ്ഞ ലംഘിച്ചു നടത്തിയ ഈ പ്രസംഗത്തെ തുടർന്ന് വ്യാപകമായി കലാപം നടക്കുകയും ആദിത്യനാഥ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. വർഗീയ കലാപത്തിൽ കൊല്ലപ്പെട്ടയാളുടെ അനുശോചന പരിപാടിയിലിയാരുന്നു ഈ പ്രസംഗം. അറസ്റ്റിനെ തുടർന്ന് ആദിത്യനാഥ് രൂപം നൽകിയ ഹിന്ദുത്വ തീവ്രവാദ സംഘടനയായി ഹിന്ദു യുവ വാഹിനി പ്രവർത്തകർ വ്യാപക ആക്രമണം അഴിച്ചു വിട്ടിരുന്നു.
ആദിത്യനാഥിനെതിരെ കേസെടുത്ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്വേഷ പ്രസംഗത്തിന്റെ സി.ഡി അടക്കം തെളിവുകളോടെ പർവേസ് പർവാസ് ആണ് ആണ് പത്തു വർഷമായി നിയമപ്പോരാട്ടം നടത്തി വന്നത്. മാറിമാറി വന്ന സംസ്ഥാന സർക്കാരുകളൊന്നും ആദിത്യനാഥിനെതിരെ നടപടി എടുക്കാത്തതാണ് ഹർജിയിൽ ചോദ്യം ചെയ്തത്. തെളിവായി കോടതിയിൽ സീൽ വച്ച കവറിൽ സമർപ്പിച്ച വിദ്വേഷ പ്രസംഗത്തിന്റെ സിഡിയിൽ തിരിമറി നടന്നതായും ഹർജിക്കാർ വാദിച്ചു.
കഴിഞ്ഞ മേയിൽ യു.പി മുഖ്യമന്ത്രിയായി ആദിത്യനാഥ് ചുമതലയേറ്റതിനു തൊട്ടുപിറകെ യു.പി സർക്കാർ 2007ലെ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ ആദിത്യനാഥിനെ കുറ്റവിചാരണ നടത്തില്ലെന്ന് അലഹാബാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തെളിവുകൾ പരിശോധിച്ച ഫോറൻസിക് വിഭാഗം ആദിത്യനാഥിന്റെ പ്രസംഗം ഉൾപ്പെടുന്ന ഡി.വി.ഡിയിൽ തിരിമറി നടത്തിയതായി കണ്ടെത്തി എന്നായിരുന്നു ന്യായീകരണം. ഹർജിക്കാരനായ പർവേസാണ് ഈ ഡി.വി.ഡി തെളിവായി പോലീസിനു നൽകിയതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ ഡി.വി.ഡി കേടുവരുത്തിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. എന്നാൽ താൻ ഒരു ഡി.വി.ഡിയും തെളിവായി പോലീസിനു നൽകിയിട്ടില്ലെന്ന് പർവേസും വ്യക്തമാക്കിയിരുന്നു. താൻ ഡി.വി.ഡി അല്ല സി.ഡി ആണ് തെളിവായി 2008ൽ ഗൊരഖ്പൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മുമ്പാകെ സമർപ്പിച്ചതെന്ന് പിന്നീട് ഹൈക്കോടതിയെയും പർവേസ് അറിയിച്ചു. തങ്ങൾ തെളിവായി ഡി.വി.ഡി നൽകിയതിന് പോലീസ് പറയുന്ന തെളിവുകളുടെ രേഖ സർക്കാർ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 2017 നവംബറിൽ പർവേസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹർജിക്കാരുടെ നിർബന്ധത്തെ തുടർന്ന് ജഡ്ജിമാരായ മുരാരിയും എ.സി ശർമയും ഗൊരഖ്പൂർ മജിസ്‌ട്രേറ്റ് കോടതിയിൽ പർവേസ് സമർപ്പിച്ച സീൽവച്ച കവറിലെ തെളിവുകൾ പരിശോധിച്ചു. ഇതിൽ നിന്നും സി.ഡിയാണ് ലഭിച്ചത്. ഈ സി.ഡികൾ പൊട്ടിയതായാണ് കണ്ടെത്തിയത്. ഇവ സമർപ്പിക്കുന്ന സമയത്ത് പൊട്ടിയിരുന്നതായി രേഖകളിലൊന്നുമില്ല. ഇതിൽ ദുരൂഹതകൾ ബാക്കിയാണ്. ചീഫ് മജിസ്‌ട്രേറ്റ് കോടതി ഈ സി.ഡി എന്തു കൊണ്ട് കേസ് അന്വേഷിച്ച പോലീസിനു കൈമാറിയില്ല എന്നതു സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. ഈ സംശയങ്ങൾ ബാക്കി നിൽക്കെയാണ് ഇപ്പോൾ കേസിൽ ആദിത്യനാഥിനെ കുറ്റവിചാരണ ചെയ്യരുതെന്ന് ഹോക്കോടതി വിധി പറഞ്ഞിരിക്കുന്നത്.