ഇടുക്കി-പുതുവർഷം അടുത്തപ്പോഴേക്കും മൂന്നാർ ശൈത്യത്തിൽ അമരുന്നു. ളാക്കാട്, ചെണ്ടുവരൈ, സൈലന്റവാലി എന്നിവിടങ്ങളിൽ രണ്ട് ഡിഗ്രിയിലേക്ക് താപനില താഴ്ന്നു. മൂന്നാർ നഗരത്തിൽ മൂന്നു ഡിഗ്രിയാണ് താപനില. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. തണുപ്പ് ഇനിയും കൂടുമെന്നാണ് സൂചന. ശീതകാലം ആസ്വദിക്കാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.
പുലർകാലത്തെ മൂടൽ മഞ്ഞിൻ വലയത്തിലുളള തേയിലതോട്ടങ്ങൾ മനോഹര കാഴ്ചയാണ്. കഴിഞ്ഞ ആഴ്ച കുറഞ്ഞ താപനില അഞ്ച് ഡിഗ്രി വരെയായിരുന്നു. സെവൻമലയിലും മാട്ടുപ്പെട്ടിയിലും അഞ്ച് ഡിഗ്രിയാണ് ചൂട്. സാധാരണയായി മൂന്നാറിൽ നവംബറിൽ തുടങ്ങുന്ന ശൈത്യകാലം ജനുവരിയോടെയാണ് അവസാനിക്കുക. ഈ വർഷം നവംബറിലും ഡിസംബർ ആദ്യവാരത്തിലും കനത്തമഴ തുടർന്നത് ശൈത്യകാലത്തിന്റെ വരവ് വൈകിപ്പിച്ചു. പുതുവത്സര ആഴ്ചകളിൽ സാധാരണ മൂന്നാറിലെ തണുപ്പ് മൈനസിലേക്ക് എത്താറുണ്ട്.
ചിത്രം- മഞ്ഞിൻപുതപ്പണിഞ്ഞ മൂന്നാറിന്റെ പ്രഭാത കാഴ്ച