ലണ്ടൻ - ഇന്ത്യക്കാരനായ സിഖ് പരസ്ഥിതിവാദി രവ്‌നീത് സിങിനെതിരെ ബ്രിട്ടീഷ് പാർലമെന്റിനടുത്ത് വംശീയാതിക്രമണം. ഇന്ത്യൻ വംശജനായ ലേബർ പാർട്ടി എം.പി തന്മൻജീത്ത് സിങ് ധേസിയുടെ പാർലമെന്റിനടുത്ത് ഓഫീസിലേക്ക് പ്രവേശിക്കാനായി കാത്തിരിക്കുമ്പോഴാണ് ഒരാൾ വന്ന് രവനീതിനെതിരെ വംശീയാധിക്ഷേപം നടത്തിയത്. മുസ്ലിം തിരിച്ചു പോകൂ എന്ന വിളിച്ചു പറഞ്ഞ ആക്രമി രവ്‌നീതിന്റെ സിഖ് തലപ്പാവ് എടുത്തുമാറ്റാനും ശ്രമിച്ചു.
'പാർലമെന്റ് ഹൗസിൽ എംപിയുടെ ഓഫീസിലേക്ക് കയറാൻ വരിനിൽക്കുന്നതിനിടെയാണ് ഒരാൾ ഓടി വന്ന് എന്നെ ആക്രമിച്ചത്. എന്റെ ടർബൻ പിടിച്ചു വലിച്ചു. ഞാൻ ശക്തമായി പ്രതികരിച്ചതോടെ അയാൾ തിരിച്ചോടി,' രവനീത് സിങ് പറഞ്ഞു. 'ആക്രമി ഇംഗ്ലീഷുകാരനല്ലെന്ന് തോന്നുന്നു. എന്നാൽ വെള്ളക്കാരനാണ്. മറ്റെതോ ഭാഷയിലാണ് തനിക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്. മുസ്ലിം ഗോ ബാക്ക് എന്നു വ്യക്തമായി കേട്ടു,' അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തന്റെ അതിഥി വംശീയമായി ആക്രമിക്കപ്പെട്ടത് വെറുപ്പുളവാക്കുന്ന സംഭവമാണെന്നും പോലീസ് തക്കതായ നടപടിയെടുക്കുമെന്നാണ് വിശ്വാസമെന്നും തന്മൻജീത്ത് സിങ് എംപി പറഞ്ഞു.