ന്യൂദൽഹി- അസമിലെ മുസ്ലിം ജനസംഖ്യയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിൽ വിവാദ പ്രസ്താവനയുമായി കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. അസമിലെ മുൻ ഭരണ കക്ഷിയായിരുന്നു മൗലാനാ ബദ്‌റുദ്ദീൻ അജ്മലിന്റെ ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) ബിജെപിയേക്കാൾ വേഗത്തിൽ വളരുന്നുവെന്ന ആശങ്കയാണ് സൈനിക മേധാവി പങ്കുവച്ചത്. വടക്കു കിഴക്കൻ ഇന്ത്യയിലെ അതിർത്തി സുരക്ഷ സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനം സംഘടിപ്പിച്ച ഒരു സെമിനാറിൽ സംസാരിക്കവെയാണ് ജനറൽ റാവത്തിന്റെ വിവാദ പരാമർശം.
'ഈ മേഖലയുടെ ജനസംഖ്യയുടെ ഗതിവിഗതികൾ മാറ്റാൻ കഴിയുമെന്ന് കരുതുന്നില്ല. ഏതു സർക്കാർ വന്നാലും ഇതാണ് അവസ്ഥ. എ.ഐ.യു.ഡി.എഫ് എന്ന പാർട്ടിയെ എടുത്തു നോക്കിയാൽ അവർ ബി.ജെ.പിയേക്കാൾ വേഗത്തിൽ വളർന്നതായി കാണാം. രണ്ട് പാർലമെന്റ് അംഗങ്ങളുമായി തുടങ്ങിയ ജന സംഘ് ഇന്നെവിടെ എത്തി എന്നതുമായി തരതമ്യം ചെയ്യുമ്പോൾ ആസാമിൽ എ.ഐ.യു.ഡി.എഫ് വളരെ വേഗത്തിലാണ് മുന്നേറുന്നത്. ഒടുവിൽ അസം സംസ്ഥാനം എന്താകുമെന്നതു നാം പരിഗണിക്കേണ്ട വിഷയമാണ്,' ജനറൽ റാവത്ത് പറഞ്ഞു. അസമിലെ വിവിധ ജില്ലകളിൽ മുസ്ലിം ജനസംഖ്യ വർധിക്കുന്നത് സൂചിപ്പിച്ചാണ് സേനാമാധാവിയുടെ പരാമർശങ്ങൾ.
ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലേക്ക് ബംഗ്ലദേശിൽ നിന്നും ഒരു ആസൂത്രിത കുടിയേറ്റം നടക്കുന്നുണ്ടെന്നും ഇത് ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നടത്തുന്ന നിഴൽയുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 'അസമിലേക്ക് മുസ്ലിംകൾ വരാൻ തുടങ്ങിയത് യഥാർത്ഥത്തിൽ 1218-1226കാലഘട്ടത്തിലാണ്. അവർ പുതിയ ആളുകളല്ലെന്ന കാര്യം നാം മനസ്സിലാക്കണം. അഹോം വിഭാഗക്കാർക്കൊപ്പം തന്നെ ഇവിടെ എത്തിയവരാണ്. ഇരുകൂട്ടരും അസമുകാർ തന്നെയാണ്. എന്നാൽ പ്രശ്‌നം സൃഷ്ടിക്കുന്നവരെ നാം തിരിച്ചറിയേണ്ടതുണ്ട്,' സേനാ മേധാവി പറഞ്ഞു.
അതിനിടെ രാഷ്ട്രീയ കാര്യങ്ങൾ സൈനിക മേധാവി ഇടപെടേണ്ടതില്ലെന്ന പ്രതികരണവുമായി അസദുദ്ദീൻ ഉവൈസി എം.പി രംഗത്തെത്തി. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിന്റെ കീഴിൽ പ്രവർത്തിക്കേണ്ട സ്ഥാപനമാണ് സൈന്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എ.ഐ.യു.ഡി.എഫ് പാവങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കുന്നതു കൊണ്ടാണ് ബി.ജെ.പിയെക്കാൾ വേഗത്തിൽ വളർച്ച നേടുന്നതെന്ന് പാർട്ടി എം.എൽ.എ അമിനുൽ ഇസ്ലാം പ്രതികരിച്ചു. 2005ൽ രൂപീകരിച്ച് എ.ഐ.യു.ഡി.എഫിന് മൂന്ന് എംപിമാരും 13 എം.എൽ.എമാരും ഉണ്ട്.