തൃശൂർ- കൊലപാതകരാഷ്ട്രീയം പാർട്ടിയുടെ നയമല്ലെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൃശൂരിൽ സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ഞൂറിലേറെ പേരാണ് ഇക്കാലത്തിനിടയിൽ സി.പി.എമ്മിന് കേരളത്തിൽ നഷ്ടമായത്. അക്രമരാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്നും എന്നാൽ, പാർട്ടി പ്രവർത്തകരെ അക്രമിച്ചാൽ പ്രതിരോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും. പാർട്ടി കേഡറുകൾക്കെതിരെ അക്രമം നടത്തുകയാണ് ആർ.എസ്.എസ്. 577 രക്തസാക്ഷികളുടെ ശവകുടീരത്തിൽനിന്നാണ് ഇത്രയും ദീപശിഖ വന്നത്. ശത്രുക്കളെ ജനാധിപത്യരീതിയിൽ പോരാടുക എന്നതാണ് കമ്യൂണിസ്റ്റ് രീതി. അതിൽനിന്ന് ആരെങ്കിലും വ്യതിചലിച്ചാൽ തിരുത്തുമെന്ന് ഉറപ്പുനൽകുന്നു. വർഗീയ കലാപങ്ങളെ പറ്റി പഠിച്ച കമ്മീഷനുകളെല്ലാം വർഗീയ ലഹള നിർമ്മിച്ചതെല്ലാം ആർ.എസ്.എസാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാകണം ഇപ്പോൾ പുതിയ കമ്മീഷനുകളെ നിയോഗിച്ചിട്ടില്ല.
ത്രിപുരയിൽ തീവ്രനിലപാടുള്ള പാർട്ടികളുമായി ചേർന്നാണ് സി.പി.എമ്മിനെ തകർക്കാൻ ശ്രമിച്ചത്. വിഭജനവാദികളെയെല്ലാം ഒരുമിച്ചാണ് സി.പി.എമ്മിനെ നേരിട്ടത്. അവിടെ കോൺഗ്രസ് ഇല്ലാതായി. കോൺഗ്രസ് തൃണമൂൽ കോൺഗ്രസായി. തൃണമൂൽ കോൺഗ്രസ് ബി.ജെ.പിയായി. ബംഗാളിൽ മുസ്്ലിം വർഗീയതയെ പ്രോത്സാഹിപ്പിച്ചാണ് തൃണമൂൽ കോൺഗ്രസ് മുന്നോട്ടുപോകുന്നത്. ബി.ജെ.പിയാണെങ്കിൽ ഹിന്ദു വർഗീയതയെ താലോലിക്കുന്നു.
ബി.ജെ.പി ഗവൺമെന്റിനെ താഴെയിറക്കുക എന്നതാണ് പ്രധാനം. ഇതിന് വേണ്ടി തന്ത്രപരമായ സമീപനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും യെച്ചൂരി വ്യക്തമാക്കി