ന്യൂദൽഹി- പരസ്പര സമ്മതപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ഹാദിയയും ഷെഫിൻ ജഹാനും വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഇതിനെതിരെ അഭിപ്രായം ഉന്നയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മറിച്ചുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ഇതു ബലാൽസംഗക്കേസ് അല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖൻവിൽക്കർ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. വിദേശത്തേക്ക് കടത്താനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിൽ ഇടപെടേണ്ടതു സർക്കാരാണെന്നും ഈ കേസിൽ കോടതി പരിശോധിക്കുന്നത് വിവാഹം അസാധുവാകകാനുള്ള ഹൈക്കോടതിയുടെ അധികാരം മാത്രമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹാദിയ ചൊവ്വാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ പിതാവ് അശോകനും എൻഐഎക്കും സമയം അനുവദിച്ച കോടതി കേസ് മാർച്ച് എട്ടിലേക്കു വീണ്ടും മാറ്റി വച്ചു. വിവഹ ശേഷം വീട്ടിതടങ്കലിലിട്ട് പീഡിപ്പിച്ചെന്നും ഇതിനു നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹാദിയയുടെ സത്യവാങ്മൂലം.
വിവാഹം റദ്ദാക്കാനുള്ള ഹൈക്കോടതിയുടെ അവകാശം മാത്രമാണ് കോടതി പരിഗണിക്കുന്നതെങ്കിൽ ഹാദിയയുടെ വാദം നേരിട്ട കോടതി ഇനി കേസിൽ വിധി പറയുന്നത് വൈകിക്കരുതെന്ന് ഹാദിയയ്ക്കും ഷെഫിൻ ജഹാനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, ഹാദിയയുടെ സത്യവാങ്മൂലത്തിൽ രാഹുൽ ഈശ്വറിനെതിരായ പരാമർശങ്ങൾ നീക്കി. തന്നെ കാണാൻ മൂന്നു തവണ രാഹുൽ ഈശ്വർ എത്തിയെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നും ഹാദിയയുടെ സത്യവാങ്മൂലത്തിലുണ്ടായിരുന്നു. ഹാദിയയെ മതംമാറ്റാനാണ് രാഹുൽ ഈശ്വർ ശ്രമിച്ചതെന്നും പോപ്പുലർ ഫ്രണ്ടിന്റെ കീഴിലുള്ള മഞ്ചേരിയിലെ സത്യസരണിയുടെയും പോപ്പുലർ ഫ്രണ്ട് വനിതാ നേതാവ് സൈനബയുടെ അഭിഭാഷകരും വാദിച്ചു. ഹാദിയയെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്ന് അശോകന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.