Sorry, you need to enable JavaScript to visit this website.

മ്യാന്‍മറില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30ലേറെ അഭയാര്‍ത്ഥികളെ സൈന്യം കൊന്ന് ചുട്ടെരിച്ചു

ന്യൂദല്‍ഹി- മ്യാന്‍മറിലെ കായ സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുപ്പതിലേറെ അഭയാര്‍ത്ഥികളെ സൈനിക ഭരണകൂടം കൊന്ന് ശേഷം ചുട്ടെരിച്ചു. പ്രദേശ വാസികളും പ്രാദേശിക മനുഷ്യാവകാശ സംഘടനയുമാണ് സംഭവം അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടതായും കരെന്നി ഹ്യൂമന്‍ റൈറ്റ്‌സ് ഗ്രൂപ്പ് എന്ന സംഘടന പറയുന്നു. പ്രായമായവരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അതിക്രൂരമായ ഈ കൂട്ടക്കൊലയെ ശക്തമായി അപലിപ്പിക്കുന്നുവെന്നും സംഘടന പ്രതികരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ഉള്‍പ്പെടെയാണ് ചുട്ടുചാമ്പലാക്കിയത്. ട്രക്കുകളിലും മറ്റു വാഹനങ്ങളിലും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് കിടക്കുന്ന ഫോട്ടോകളും പ്രാദേശിക മാധ്യമങ്ങളും മനുഷ്യാവകാശ് സംഘടനയും പുറത്തു വിട്ടിട്ടുണ്ട്.  

അതേസമയം ആയുധങ്ങള്‍ കൈവശമുള്ള തീവ്രവാദികളെയാണ് വെടിവച്ചു കൊന്നതായി മ്യാന്‍മറിലെ സൈനിക ഭരണകൂടം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. ഏഴു വാഹനങ്ങളിലായി യാത്ര ചെയ്യുകയായിരുന്നു സംഘം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്തിയില്ലെന്നും സൈന്യം പറഞ്ഞു.

ഫെബ്രുവരിയില്‍ സൈനിക അട്ടിമറി നടന്ന ശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കായ. ഇവിടെ കരെന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന ജനകീയ സേന സൈനിക ഭരണകൂടത്തിനെതിരെ ശക്തമായ പോരുമായി രംഗത്തുണ്ട്. ഈ സംഘര്‍ഷം മൂലം നിരവധി പേര്‍ അഭയം തേടി പുറത്തേക്കു പോകുന്നുണ്ട്. ശനിയാഴ്ച സൈനിക ഭരണകൂടം കൊന്നവര്‍ തങ്ങളുടെ അംഗങ്ങളെന്നും അഭയം തേടി പോകുന്നവരാണെന്നും കരെന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് പറയുന്നു.
 

Latest News