റായ്പൂര്‍- ഛത്തീസ്ഗഢില്‍ 15 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് വന്‍ നേട്ടം. രണ്ടാം സ്ഥാനത്തുള്ള ബിജെപി ഏറെ പിന്നിലാണ്. വോട്ടെടുപ്പ് നടന്ന 370 വാര്‍ഡുകളില്‍ 174 സീറ്റിലും കോണ്‍ഗ്രസ് ജയിച്ചു. ബിജെപിക്ക് 89 സീറ്റുകളാണ് ലഭിച്ചത്. ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഢിന് ആറ് സീറ്റും സ്വതന്ത്രര്‍ക്ക് 31 സീറ്റും ലഭിച്ചു. ശേഷിക്കുന്ന 70 വാര്‍ഡുകളിലെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദുര്‍ഗ് ജില്ലയിലെ ഭിലായ് മുനിസിപ്പല്‍ കോര്‍പറേഷനിലെ ഫലമാണ് വരാനുള്ളത്.
ഛത്തീസ്ഗഢില്‍ ഭരണം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ഭുപേഷ് ബഘലിന് കരുത്തേകുന്നതാണ് ഈ ഫലം. ഈയിടെ ബഘലും ആരോഗ്യ മന്ത്രി ടി എസ് സിങ് ദേവും തമ്മില്‍ അധികാരത്തര്‍ക്കം ഉടലെടുത്തത് കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു മറികടക്കുന്നതാണ് ഈ തെരഞ്ഞെടുപ്പു ജയം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെ വിജയമാണിതെന്ന് ബഘല്‍ പ്രതികരിച്ചു. നാല് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, ആറ് മുനിസിപ്പല്‍ കൗണ്‍സിലുകള്‍, അഞ്ച് നഗര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.