Sorry, you need to enable JavaScript to visit this website.

കിഴക്കമ്പലത്ത് പോലീസുകാരെ ആക്രമിച്ച സംഭവം;  കര്‍ശന നടപടിയുണ്ടാകും- പി.വി ശ്രീനിജന്‍ എംഎല്‍എ

കൊച്ചി- കിഴക്കമ്പലത്ത് പോലീസുകാരെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. 1500ലധികം തൊഴിലാളികള്‍ ക്യാമ്പിലേക്കെത്തുമ്പോള്‍ കമ്പനി അധികൃതര്‍ ഇടപെടേണ്ടതായിരുന്നു. കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞതാണ്. പക്ഷേ കിറ്റെക്‌സ് മാനേജ്‌മെന്റ് അതെല്ലാം മൂടിവയ്ക്കാനാണ് ശ്രമിച്ചത് എന്നും പി.പി ശ്രീനിജന്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയോടെയാണ് ചൂരക്കോട് കിറ്റെക്‌സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം. തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ രണ്ട് പോലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷമുണ്ടാക്കിയ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നത്തുനാട്, എടത്തല എന്നിവിടങ്ങളില്‍ നിന്നായി 120 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ആക്രമണത്തില്‍ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.സ്ഥലത്ത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടിയത് അറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. മണിപ്പൂരില്‍ നിന്നും നാഗാലാന്റില്‍ നിന്നും ജോലിക്കെത്തിയ തൊഴിലാളികളാണ് പരസ്പരം ഏറ്റുമുട്ടിയത്. കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.
 

Latest News