ആലപ്പുഴ-എസ്.ഡി.പി.ഐ നേതാവ് കെ.എൻ ഷാൻ വധക്കേസിൽ പ്രതികൾ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെടുത്തു. അഞ്ച് വാളുകളാണ് ആലപ്പുഴ പുല്ലൻകുളത്ത് നിന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഷാൻ വധക്കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഷാനെ വധിച്ച കൊലയാളി സംഘാംഗങ്ങളായ അഞ്ചുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കോമളപുരം മണ്ണഞ്ചേരിയിലെ അതുൽ ഒ.എസ് (27), കോമളപുരം ആര്യാട് സ്വദേശികളായ വിഷ്ണു. കെ(28), ധനേഷ്. ഡി (25), പാതിരപ്പള്ളിയിലെ അഭിമന്യു കെ.യു (27), മണ്ണഞ്ചേരിയിലെ സനന്ദ് കെ.യു (36) എന്നിവരാണത്.
ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എല്ലാവരും ബി.ജെ.പി-ആർഎസ്എസ് പ്രവർത്തകരാണ്. പരമാവധി തെളിവുകൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളിൽ എത്താവുന്ന നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. എന്നാൽ രഞ്ജിത്തിന്റെ കുടുംബത്തിന് നീതി കിട്ടുന്നവിധമല്ല പൊലീസ് അന്വേഷണമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
ജില്ലയിൽ കനത്ത പൊലീസ് കാവലുണ്ടെന്ന് അവകാശപ്പെട്ട ദിവസം പുലർച്ചെയാണ് ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. പന്ത്രണ്ടംഗ സംഘമാണെന്ന് കൊലപാതകത്തിനു പിന്നിലത്രെ. രഞ്ജിത് വധക്കേസിലെ പ്രതികളെ പിടികൂടുന്നതിനായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ഡിജിറ്റൽ തെളിവുകൾ ഒന്നും പ്രതികൾ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. ജില്ലയിൽ ഇന്നലെ രാത്രിയിലും എസ്ഡിപിഐ-ആർഎസ്എസ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി.