മുംബൈ- ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിചേര്‍ക്കപ്പെട്ട 2005-ലെ സുഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ പ്രോസിക്യൂഷന്‍ വാദം അവ്യക്തമാണെന്നും സിബിഐ സഹായിക്കുന്നില്ലെന്നും ബോംബെ ഹൈക്കോടതി. ഗുജറാത്തില്‍നിന്ന് ബോംബെ ഹൈക്കോടതിയിലേക്ക് വിചാരണ മാറ്റിയ കേസില്‍ നേരത്തെ അമിത് ഷാ അടക്കം പ്രമുഖരായ പല പ്രതികളേയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികളിലാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ അവ്യക്തമാണെന്ന് കോടതി പറഞ്ഞത്.
പ്രോസിക്യൂഷന്‍ കേസ് എന്താണ്? എന്നെ ആരും ഇതുവരെ അറിയിച്ചിട്ടില്ല-ഹരജി പരിഗണിക്കവെ ജസ്റ്റിസ് രേവതി മൊഹിതെ ദെരെ പറഞ്ഞു. രാജസ്ഥാന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ദല്‍പത് സിങ് റാത്തോഡ്, ഗുജറാത്ത് പോലീസ് ഓഫീസര്‍ എന്‍.കെ അമീന്‍ എന്നിവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹരജിയില്‍ പരിമിതമായ കാര്യങ്ങള്‍ മാത്രമെ ഉന്നയിച്ചിട്ടുള്ളൂ. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതി മുമ്പാകെ സമര്‍പ്പിക്കുക എന്നതാണ് കുറ്റാന്വേഷണ ഏജന്‍സിയുടെ പ്രാഥമിക ഉത്തരവാദിത്തം. എന്നിരിക്കെ സിബിഐ രണ്ടു ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് മാത്രമാണ് വാദിച്ചത്- ജഡ്ജി പറഞ്ഞു.
പ്രതിപ്പട്ടികയിലുള്ളവരെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പുനപ്പരിശോധന ഹരജികള്‍ പരിഗണിച്ചു വരികയാണിപ്പോള്‍ കോടതി. സിബിഐ സമര്‍പ്പിച്ച രണ്ട് ഹരജികള്‍ കൂടാതെ മൂന്നെണ്ണം സുഹ്റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സമര്‍പ്പിച്ചവയാണ്. ഗുജറാത്ത് മുന്‍ ഡിഐജി ഡി.ജി വന്‍സാര, ഐപിഎസ് ഓഫീസര്‍മാരായ ദിനേശ് എം എന്‍, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരെ കുറ്റവിമുക്തരാക്കിയതിരേ ആണിത്.
കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ ഈ കേസില്‍ തനിക്ക് ലഭിക്കേണ്ട സഹായം അന്വേഷണ ഏജന്‍സിയില്‍ നിന്നും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ലഭിക്കുന്നില്ലെന്ന് ജസ്റ്റിസ് ദെരെ പറഞ്ഞിരുന്നു. പ്രസക്തമായ രേഖകള്‍ സമര്‍പ്പിക്കണമെന്ന് സിബിഐയോട് രണ്ടാഴ്ചയായി ആവശ്യപ്പെട്ടുവരികയാണ്. 164 സാക്ഷിമൊഴികള്‍ നല്‍കിയെങ്കിലും കോടതിയെ സഹായിക്കണമെന്നും അവര്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.
ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) 2005 നവംബര്‍ 20-നാണ് സുഹ്റാബുദ്ദീനേയും ഭാര്യ കൗസര്‍ബിയേയും ഹൈദരാബാദില്‍നിന്ന് തട്ടിക്കൊണ്ടു പോയത്. വഴിമധ്യേ ഗുജറാത്തിലെ ഗാന്ധിനഗറിനടുത്ത് വെച്ച് ഇവരെ കൊലപ്പെടുത്തുകയും അത് ഏറ്റുമുട്ടലാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു.സുഹ്റാബുദ്ദീന്റെ സഹായി എന്നു പറയപ്പെടുന്ന തുളസിറാം പ്രജാപതിയെ 2006 ഡിസംബറില്‍ ഗുജറാത്തിലെ ബനസ്‌കന്ദ ജില്ലയിലെ ഛപ്രിയില്‍ വച്ച് പോലീസ് കൊലപ്പെടുത്തി. ഇവര്‍ക്ക് ലഷ്‌കറെ ത്വയ്ബ എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നായിരുന്നു പോലീസ് വാദം. എന്നാല്‍ ഇതു സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.