ന്യൂയോർക്ക്- കഴിഞ്ഞ ദിവസം വെനിസുല പുറത്തിറക്കിയ ഡിജിറ്റൽ കറൻസി തരംഗമാവുന്നു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. പെട്രോ എന്ന പേരിലിറക്കിയ കറൻസിയുടെ വിൽപന ഇതിനകം 735 മില്യൺ യു.എസ് ഡോളർ കടന്നതായി വെനിസുല പ്രസിഡന്റ് നിക്കോളാസ് മാഡുറോ അറിയിച്ചു. ക്രിപ്‌റ്റോകറൻസി സൂപ്പർമാനായി മാറുമെന്ന് അമേരിക്കയെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. പെട്രോ ഉപയോഗിച്ച് ടൂറിസം, പെട്രോൾ ഇടപാടുകൾ നടത്താനാവുമെന്നും അദ്ദേഹം വിശദീകരിച്ചു. നമ്മൾ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തുടരുന്ന ഉപരോധത്താൽ വെനിസുലയുടെ കറൻസിയായ ബൊളിവിയയുടെ മൂല്യം ഇടിഞ്ഞു വരികയായിരുന്നു. രൂക്ഷമായ വിലക്കയറ്റം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടയ്ക്കാണ് വെർച്വൽ കറൻസി എന്ന പരീക്ഷണത്തിന് ഒരുമ്പെട്ടിറങ്ങിയത്. രാജ്യത്തിന്റെ എണ്ണ സമ്പത്തിന്റെ പിൻബലം പുതിയ കറൻസിക്കുണ്ട്.