Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം: ധനസഹായ വ്യവസ്ഥകൾ എളുപ്പമാക്കി

റിയാദ് - സൗദിവൽക്കരണം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള ധനസഹായ വ്യവസ്ഥകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി (ഹദഫ്) കൂടുതൽ എളുപ്പമാക്കി. സ്വകാര്യ സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സ്വദേശി ജീവനക്കാരുടെ വേതന വിഹിതം രണ്ടു വർഷത്തേക്ക് മാനവശേഷി വികസന നിധിയിൽ നിന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. 
ധനസഹായ പദ്ധതി കൂടുതൽ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടാനും സ്വകാര്യ സ്ഥാപനങ്ങളുടെ ശാക്തീകരണവും വളർച്ചയും ലക്ഷ്യമിട്ടുമാണ് വ്യവസ്ഥകൾ എളുപ്പമാക്കിയത്. പഴയ ജോലി നഷ്ടപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത ശേഷം പുതിയ ജോലിയിൽ സൗദി ജീവനക്കാരൻ പ്രവേശക്കുന്നതിനിടയിലെ ഇടവേള 90 ദിവസമെങ്കിലും ആയിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. ധനസഹായ അപേക്ഷ സമർപ്പിക്കുന്നതിന് 90 ദിവസം മുമ്പ് സ്ഥാപനത്തിൽ സൗദി ജീവനക്കാരനെ രജിസ്റ്റർ ചെയ്തിരിക്കണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞിട്ടുണ്ട്. 


പരിഷ്‌കരിച്ച വ്യവസ്ഥകൾ പ്രകാരം സ്ഥാപനത്തിലെ ജീവനക്കാരനെന്ന നിലയിൽ സൗദി പൗരനെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത് 120 ദിവസം പിന്നിടുന്നതിനു മുമ്പായി ഏതു സമയവും ധനസഹായ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കുന്നതിന്റെ തൊട്ടടുത്ത മാസം മുതൽ ധനസഹായ വിതരണം ആരംഭിക്കും. മിനിമം 3200 റിയാൽ മുതൽ പരമാവധി 15,000 റിയാൽ വരെ വേതനം ലഭിക്കുന്ന, മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലും എല്ലാ പ്രൊഫഷനുകളിലും ജോലി ചെയ്യുന്ന സ്വദേശികളുടെ വേതന വിഹിതം പദ്ധതി വഴി വിതരണം ചെയ്യും. 
സൗദി ജീവനക്കാരന്റെ വേതനത്തിന്റെ 30 മുതൽ 50 ശതമാനം വരെ, പരമാവധി 3000 റിയാൽ വരെ രണ്ടു വർഷക്കാലമാണ് വേതന വിഹിതമായി മാനവശേഷി വികസന നിധിയിൽ നിന്ന് വിതരണം ചെയ്യുക. വനിതകളെയും വികലാംഗരെയും ജോലിക്കു വെക്കുന്നതിന് 10 ശതമാനം അധിക സഹായം ലഭിക്കും. റിയാദ്, ജിദ്ദ, ദമാം, അൽകോബാർ ഒഴികെയുള്ള നഗരങ്ങളിലെ സ്ഥാപനങ്ങളിൽ ജോലിക്കു വെക്കുന്നതിനും ചെറുകിട, ഇടത്തരം, മൈക്രോ സ്ഥാപനങ്ങളിൽ ജോലിക്കു വെക്കുന്നതിനും 10 ശതമാനം അധിക ധനസഹായം ലഭിക്കും. 


പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്താനും സ്വകാര്യ സ്ഥാപനങ്ങളെ ശാക്തീകരിക്കാനും സ്വകാര്യ സ്ഥാപനങ്ങളുടെ സ്ഥിരതയും വളർച്ചയും ഉറപ്പു വരുത്താനും ധനസഹായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതി പ്രയോജനപ്പെടുത്തി ജോലിക്കു വെക്കുന്ന സൗദി ജീവനക്കാരുടെ പ്രായം 18 മുതൽ 60 വരെ ആയിരിക്കണമെന്നും ഇവർ സർക്കാർ ജീവനക്കാരോ സ്ഥാപന ഉടമകളോ ആകരുതെന്നും വ്യവസ്ഥകളുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശികളെ ജോലിക്കു വെക്കുന്നതിനുള്ള സാമ്പത്തിക ഭാരം ധനസഹായ പദ്ധതി ലഘൂകരിക്കും. 


 

Latest News