Sorry, you need to enable JavaScript to visit this website.

പുരോഗമനത്തിന്റെ അളവുകോൽ

പുരോഗമനപരം എന്ന ലേബലൊട്ടിച്ച് പെൺകുട്ടികളുടെ വിവാഹ പ്രായം പതിനെട്ടിൽനിന്ന് 21 വയസ്സായി കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചിരിക്കുന്നു. സമൂഹത്തെയാകെ ബാധിക്കുന്ന, ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഒരു നിയമ നിർമാണമായിട്ടും വേണ്ടത്ര ചർച്ചക്കോ സംവാദത്തിനോ അവസരം നൽകാതെ പപ്പടം ചുട്ടെടുക്കും പോലെ ഈ ബിൽ പാസാക്കിയെടുക്കാനായിരുന്നു സർക്കാരിന്റെയും ബി.ജെ.പിയുടെയും ശ്രമം. പ്രതിപക്ഷത്തുനിന്ന് ശക്തമായ എതിർപ്പുയർന്നതുകൊണ്ടോ, സ്വന്തം ക്യാമ്പിൽനിന്നു തന്നെ സന്ദേഹങ്ങൾ ഉണ്ടായതുകൊണ്ടോ എന്തോ അത് നടന്നില്ല. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയിൽ അവതരിപ്പിച്ചതിനു പിന്നാലെ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടുകയും ചെയ്തു.


പെൺകുട്ടികൾക്ക് ലിംഗപരമായ തുല്യത, പഠിക്കാനും തൊഴിൽ നേടാനുമുള്ള അവസരം, കൂടുതൽ ശാരീരിക ആരോഗ്യം നേടിയ ശേഷം വിവാഹത്തിന് സാഹചര്യം, സർവോപരി വനിതാ ശാക്തീകരണം തുടങ്ങിയവയൊക്കെയാണ് വിവാഹ പ്രായം 21 ലേക്ക് ഉയർത്തുന്നതിന്റെ ലക്ഷ്യങ്ങളായി ബിൽ അവതരിപ്പിച്ച വേളയിൽ സ്മൃതി ഇറാനി പറഞ്ഞത്. അതേ സമയം അങ്ങ് പ്രയാഗ് രാജിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാവട്ടെ, ബില്ലിനെ രാഷ്ട്രീയ ആയുധമായി എടുത്തു വീശുകയായിരുന്നു. ബില്ലിനെ എതിർക്കുന്നവരെ ജനം കാണുന്നുണ്ട് എന്നായിരുന്നു രണ്ട് ലക്ഷത്തോളം സ്ത്രീകൾ പങ്കെടുത്തുവെന്ന് പറയുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോഡി തന്റെ രാഷ്ട്രീയ എതിരാളികൾക്ക് താക്കീത് നൽകിയത്. സംഗതി വ്യക്തം. ഉത്തർ പ്രദേശിലടക്കം തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിൽ ഈ നിയമ നിർമാണം ബി.ജെ.പിക്ക് കേവലം രാഷ്ട്രീയ പ്രചാരണായുധം മാത്രം. 


ബിൽ പുരോഗമനപരമെന്ന വാദം തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കാരണം പല തരം വൈരുധ്യങ്ങളും നിയമപരമായ അവ്യക്തതകളും നിലനിൽക്കുന്നതാണ് നിയമം. വോട്ടവകാശമടക്കം വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയായി എന്ന തീരുമാനിക്കപ്പെട്ട ഒരു സ്വതന്ത്ര വ്യക്തിയായ പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ മാത്രം പിന്നെയും മൂന്ന് വർഷം കൂടി കാത്തിരിക്കണമെന്ന് പറയുന്നത് യുക്തിരഹിതമാണ്. ഈ കാലയളവിൽ അവൾക്ക് ഒരു പുരുഷനൊപ്പം ജീവിക്കുന്നതിന് തടസ്സമില്ലതാനും. ഇത് സാമാന്യ നീതിയുടെ നിഷേധമാണ്. പുരോഗതി പ്രാപിച്ചുവെന്ന് നമ്മൾ കരുതുന്ന പല പാശ്ചാത്യ രാജ്യങ്ങളിലും പതിനെട്ട് വയസ്സ് തികഞ്ഞ ആൺകുട്ടിക്കും പെൺകുട്ടിക്കും വിവാഹം കഴിച്ചോ അല്ലാതെയോ ഒരുമിച്ച് ജീവിക്കാം. അവിടത്തെ അവസ്ഥയുമായി തട്ടിച്ചുനോക്കുമ്പോൾ നമ്മൾ നിർമിക്കാൻ പോകുന്നത് വിചിത്ര നിയമമാണ്.


വിദ്യാഭ്യാസം, ആരോഗ്യം എന്നീ കാരണങ്ങളാൽ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ ഒരു പരിധി വരെ അംഗീകരിക്കാം. 21 വയസ്സ് ആവുമ്പോഴേക്കും ബിരുദ പഠനം പൂർത്തിയാക്കാൻ മിക്കവാറും വിദ്യാർഥികൾക്ക് കഴിയും. പക്ഷേ അപ്പോഴേക്കും ജോലി കിട്ടിക്കൊള്ളണമെന്നില്ല. പഠനം കഴിഞ്ഞ എല്ലാ യുവാക്കൾക്കും തൊഴിൽ ലഭിക്കാനുള്ള സാഹചര്യം നമ്മുടെ രാജ്യത്ത് നിലവിലില്ല. അതിന് പിന്നെയും വർഷങ്ങൾ പിടിച്ചെന്നിരിക്കും. അപ്പോൾ അതിനനുസരിച്ച് വീണ്ടും വിവാഹ പ്രായം ഉയർത്തേണ്ടിവരുമോ? വിവാഹ പ്രായം ഇരുപത്തഞ്ചോ, ഇരുപത്താറോ ആക്കണമെന്നാണ് സർക്കാരിനു വേണ്ടി നടത്തിയ സർവേകളിൽ പങ്കെടുത്ത ഭൂരിഭാഗം യുവതീയുവാക്കളും പറഞ്ഞതത്രേ. അതായത് 18 വയസ്സിൽ പ്രായപൂർത്തിയായെന്ന് രാജ്യം അംഗീകരിച്ചുകഴിഞ്ഞാലും നിയമപ്രകാരം വിവാഹം കഴിക്കുന്നതിന് പിന്നെയും എട്ടോ ഒമ്പതോ വർഷം കാത്തിരിക്കണം. ലോകത്ത് ഒരു രാജ്യത്തുമില്ലാത്ത വല്ലാത്തൊരു വിരോധാഭാസമായിരിക്കും അത്. 


ആരോഗ്യവും പോഷകാഹാരക്കുറവും പോലുള്ള പ്രശ്‌നങ്ങൾ കൂടുതലും പാവപ്പെട്ടവരിലും ഗ്രാമീണ മേഖകളിലുമുള്ളവരിലുമാണ്. അതിനുള്ള കാരണമാവട്ടെ അത്തരം കുടുംബങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയും. ആ കുടുംബങ്ങളിലെ പെൺകുട്ടികൾ പതിനെട്ടിൽനിന്ന് 21 ലെത്തിയാലും നല്ല ആരോഗ്യവതികളാവണമെന്നില്ല. ഇവരുടെ സാമ്പത്തിക അഭിവൃദ്ധിക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയോജിതമായി പദ്ധതികൾ നടപ്പാക്കിയാലേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാവൂ. അതിന് നല്ല ആസൂത്രണവും വർഷങ്ങളുടെ പ്രയത്‌നവും വേണ്ടിവരും. അതേസമയം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ച കുടുംബങ്ങളിലെ പെൺകുട്ടികൾ സ്വാഭാവികമായും 18 വയസ്സാവുമ്പോഴേക്കും ആരോഗ്യവതികളുമായിരിക്കും എന്നതും കാണാതിരുന്നുകൂടാ. 


സർക്കാർ നടത്തിയ സർവേകൾ പ്രധാനമായും നഗരങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ചുള്ളവയായിരുന്നു. ഇവിടങ്ങളിലെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന, ഇടത്തരക്കാരായ കുടുംബങ്ങളിൽനിന്ന് വരുന്ന പെൺകുട്ടികൾ വിവാഹപ്രായം ഉയർത്തുന്നതിനെ അനുകൂലിക്കുന്നത് സ്വാഭാവികം. അത്തരക്കാർക്കിടയിൽ ഇപ്പോൾ തന്നെ പെൺകുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിനാലും ഇരുപത്തഞ്ചുമൊക്കെയാണ്. അവരുടെ സൗകര്യത്തിനും സാഹചര്യത്തിനുമനുസരിച്ച് ഇക്കാര്യത്തിൽ സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നതിലും തെറ്റില്ല. എന്നാൽ ഇന്ത്യയിലെ എല്ലാ പെൺകുട്ടികളും അവരെ പോലെയാണെന്ന് കരുതരുത്. പ്രായപൂർത്തിയായിക്കഴിഞ്ഞ ഒരു പെൺകുട്ടി വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചാൽ അതിനു തടസ്സമായി നിയമം വരരുത്. അത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാവും. പതിനെട്ട് കഴിഞ്ഞ ഒരു പെൺകുട്ടിയുടേത് ബാലികാ വിവാഹമെന്ന് പറയുന്നതു പോലും തമാശയാണ്.


സമതാ പാർട്ടി നേതാവായിരുന്ന ജയ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ കേന്ദ്ര സർക്കാർ രൂപം നൽകിയ സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരമൊരു നീക്കവുമായി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ബാലവിവാഹം നടക്കുന്നത് ഇന്ത്യയിലാണെന്ന യൂനിസെഫ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അത്തരമൊരു സമിതിയെ പഠനത്തിന് ചുമതലപ്പെടുത്തിയതു തന്നെ. പെൺകുട്ടികുടെ വിവാഹ പ്രായം 21 വയസ്സായി ഉയർത്തണമെന്നതായിരുന്നു സമിതിയുടെ പ്രധാന ശുപാർശ. എന്നാൽ ഇത് ഒറ്റയടിക്കല്ല, സംസ്ഥാന സർക്കാരുകളുമായി ചേർന്ന് സാവകാശം നടപ്പാക്കേണ്ടതാണെന്നും സമിതി നിർദേശിച്ചു. എന്നാൽ അത് കണക്കിലെടുക്കാതെയാണ് സർക്കാർ തിടുക്കത്തിൽ നിയമ നിർമാണത്തിനൊരുങ്ങുന്നത്.


ഇത്തരമൊരു നിയമ നിർമാണത്തിന്റെ മറവിൽ പല തെറ്റിദ്ധാരണകളും രാജ്യത്ത് ബോധപൂർവം പ്രചരിപ്പരിക്കുന്നുണ്ട്. നിയമ നിർമാണത്തെ എതിർക്കുന്നത് മുസ്‌ലിംകളാണെന്നും രാജ്യത്ത് ബാലവിവാഹങ്ങൾ കൂടുതലും നടക്കുന്നത് മുസ്‌ലിംകൾക്കിടയിലുമാണെന്നതുമാണ് അതിൽ പ്രധാനം. ഇന്ത്യയിൽ നടക്കുന്ന ബാലവിവാഹങ്ങളിൽ 84 ശതമാനവും ഹിന്ദുക്കൾക്കിടയിലും 11 ശതമാനം മുസ്‌ലിംകൾക്കിടയിലുമാണെന്ന 2019 ലെ യൂനിസെഫ് റിപ്പോർട്ട് പോലും കണക്കിലെടുക്കാതെയാണ് ഇത്തരം വിമർശനങ്ങൾ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര ഭരണകക്ഷിയുടെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണിതും. നൂറ്റാണ്ടുകളായി ഇന്ത്യയിൽ ബാലവിവാഹം ഹിന്ദുക്കളും മുസ്‌ലിംകളുമടക്കം എല്ലാ മതവിഭാഗങ്ങൾക്കിടയിലും നടന്നിരുന്നു. നമ്മുടെ പ്രധാനമന്ത്രി പോലും തന്റെ പതിമൂന്നാമത്തെ വയസ്സിൽ അന്നത്തെ സാമൂഹികാചാരമനുസരിച്ച് വിവാഹം ചെയ്തതാണല്ലോ.


ഏതായാലും ഇത്തരമൊരു നിയമ നിർമാണം കൊണ്ടു മാത്രം സ്ത്രീശാക്തീകരണം യാഥാർഥ്യമാവുകയോ, വനിതകളുടെ ജീവിതം മെച്ചപ്പെടുകയോ ചെയ്യുമെന്ന് കരുതാനാവില്ല. രാജ്യത്ത് ചെറുപ്രായത്തിൽ പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് ബഹുഭൂരിപക്ഷവും ഗ്രാമീണ ആദിവാസി മേഖലകളിലാണ്. അവിടങ്ങളിലെ പെൺകുട്ടികൾക്ക് പഠിക്കാനും തൊഴിലവസരത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാവണം സർക്കാർ മുൻഗണന നൽകേണ്ടത്. അത് സംഭവിച്ചാൽ, ഇപ്പോൾ പട്ടണങ്ങളിലെ പെൺകുട്ടികളെ പോലെ അവരുടെ ജീവിതത്തിലും മാറ്റം താനേ വന്നുകൊള്ളും. പ്രായപൂർത്തി എന്നത് സ്വയം തീരുമാനിക്കാനുള്ള ബുദ്ധിവികാസം കൂടിയാണല്ലോ. അതിനുള്ള വയസ്സ് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ വിവാഹത്തിനു മാത്രം കാലതാമസം വരുത്താൻ നിയമം കൊണ്ടുവരുന്നത് പരിഷ്‌കൃത സമൂഹങ്ങളിലൊന്നും ഇല്ലാത്തൊരു ഏർപ്പാടാണ്. അത്തരമൊരു നിയമത്തെ പുരോഗമനപരം എന്നു മാത്രം പറയരുത്.

Latest News