അലഹാബാദ്- കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് യുപി നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടിവെക്കണമെന്ന് അലഹാബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. യുപിയില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച റാലികള്‍ വിലക്കണമെന്ന് കോടതി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ആവശ്യപ്പെട്ടു. മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. റാലികള്‍ തടഞ്ഞില്ലെങ്കില്‍ ഫലം കോവിഡ് രണ്ടാം തരംഗത്തേക്കാള്‍ വഷളാകുമെന്ന് ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു.
കുറെ കേസുകള്‍ പരിഗണനയ്ക്ക് എടുക്കുന്നതിനാല്‍ കോടതി ദിവസവും തിങ്ങി നിറയുകയും സാമൂഹിക അകലം പാലിപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഈ നിരീക്ഷണം നടത്തിയത്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചാല്‍ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.
എല്ലാ തരത്തിലുമുള്ള ആള്‍ക്കൂട്ടങ്ങളേയും റാലികളേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടയണം. പ്രചാരണ ദൂര്‍ദര്‍ശനിലൂടെയോ പത്രങ്ങളിലൂടെയോ നടത്താനും പൊതുറാലികള്‍ ഒഴിവാക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി പറഞ്ഞു.