Sorry, you need to enable JavaScript to visit this website.

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും   രാത്രികാല കര്‍ഫ്യൂ

ലഖ്‌നൗ- ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 25 മുതലാണ് കര്‍ഫ്യൂ. പതിനൊന്നു മണി മുതല്‍ അഞ്ചു മണി വരെയാണ് നിയന്ത്രണം. വിവാഹങ്ങള്‍ക്ക് ഇരുന്നൂറു പേരില്‍ കൂടരുതെന്നത് ഉള്‍പ്പെടെ സംസ്ഥാനത്ത് കൂടുതല്‍ കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കരുതല്‍ നടപടികളിലേക്കു കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ദല്‍ഹിയില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.മഹാരാഷ്ട്രയില്‍ 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 88 ആയി ഉയര്‍ന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകളും മഹാരാഷ്ട്രയിലാണ്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ പൂനെ ജില്ലയില്‍ നിന്നുള്ളവരാണ്. മൂന്നുപേര്‍ വീതം പൂനെ സിറ്റി, പൂനെ റൂറല്‍ എന്നിവിടങ്ങളിലും ഏഴുപേര്‍ പിംപ്രിചിന്ദ് വാഡ് മേഖലയിലുമുള്ളവരാണ്.അഞ്ചുപേര്‍ മുംബൈയിലും രണ്ടുപേര്‍ ഒസ്മാനാബാദിലും താനെ, നാഗ്പൂര്‍, മിരാ ബയന്തര്‍ മേഖലയിലെ ഓരോരുത്തരും പുതിയ വകഭേദം സ്ഥിരീകരിച്ചവരില്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ വിദേയാത്ര ചെയ്തവരും ഏഴുപേര്‍ സമ്പര്‍ക്കം വഴിയും രോഗബാധിതരായവരാണെന്ന് സംസ്ഥാന സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. പ്രദീപ് അവാതെ പറഞ്ഞു.
 

Latest News