ന്യൂയോര്‍ക്ക്- എയ്ഡ്‌സ് മഹാമാരിയെ തടയാന്‍ സഹായിക്കുന്ന കുത്തിവെപ്പിന് യു.എസില്‍ അംഗീകാരം. എച്ച്.ഐ.വി ബാധ നൂറു ശതമാനം വരെ തടയാന്‍ സഹായിക്കുന്ന അപ്രിറ്റിയൂഡ് എന്ന മരുന്നിനാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) അനുമതി നല്‍കിയിരിക്കുന്നത്. ഒരു ഡോസ് കുത്തിവെപ്പിന് 2.64 ലക്ഷം രൂപ വരെ ചെലവ് വരും. 1980കളില്‍ മനുഷ്യരില്‍ എച്ച്.ഐ.വി ബാധ കണ്ടെത്തിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കുത്തിവെപ്പ് വരുന്നത്.
ശരീരഭാരം 35 കിലോഗ്രാമില്‍ കൂടുതലുള്ള മുതിര്‍ന്ന വ്യക്തികള്‍ക്ക് കുത്തിവെപ്പ് എടുക്കാന്‍ തടസമില്ലെന്ന് എഫ്.ഡി.ഐയുടെ വാര്‍ത്താകുറിപ്പ് പറയുന്നു. തുടക്കമെന്ന നിലയില്‍ ഒരു മാസം ഇടവേളയില്‍ രണ്ടു കുത്തിവെപ്പ് എടുക്കണം. പിന്നീട് ഓരോ രണ്ടു മാസത്തിലും കുത്തിവെപ്പെടുത്ത് മുന്നോട്ട് പോവണം.
'അപ്രിറ്റിയൂഡിന് എഫ്.ഡി.എ അനുമതി ലഭിച്ചത് ലോകത്തെ എച്ച്.ഐ.വി മഹാമാരിയെ തടയാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ലൈംഗികരോഗങ്ങള്‍ക്ക് സാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് ഇത് ഗുണകരമാവും.'എഫ്.ഡി.എയിലെ ആന്റിവൈറല്‍ ഡിവിഷന്‍ ഡയറക്ടറായ ഡോ. ഡെബ്ര ബിര്‍ക്രാന്ത് പറഞ്ഞു. അപ്രിറ്റിയൂഡിന്റെ വിജയം വിപ്ലവകരമായ നേട്ടമാണിതെന്ന് സെന്റര്‍ ഫോര്‍ യങ് അഡള്‍ട്ട് മെഡിക്കല്‍ ഡയറക്ടറായ ഡോ. ഡേവിഡ് റോസെന്താള്‍ പറഞ്ഞു.
എച്ച്.ഐ.വി ബാധക്ക് സാധ്യതയുള്ള സാമൂഹിക വിഭാഗങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന ഗുളികകളെക്കാള്‍ ഫലപ്രദമായ രീതിയാണിതെന്ന്
വി.ഐ.ഐ.വി സി.ഇ.ഒ ഡെബോറ വാട്ടര്‍ഹൗസ് പറഞ്ഞു. നിലവില്‍ ട്രൂവാഡ, ഡെസ്‌കോവി എന്നീ ഗുളികകളാണ് എച്ച്.ഐ.വി ബാധ തടയാന്‍ ഉപയോഗിക്കുന്നത്. ഇവ എല്ലാ ദിവസവും കഴിച്ചാലേ പ്രതിരോധ ശേഷിയുണ്ടാവൂ.
അപ്രിറ്റിയൂഡിന്റെ പ്രവര്‍ത്തനവും ഫലവും പരിശോധിക്കാന്‍ രണ്ടുതവണ പരീക്ഷണം നടത്തിയെന്ന് എഫ്.ഡി.ഐ അറിയിച്ചു. ശരീരത്തില്‍ എച്ച്.ഐ.വി രോഗാണുവിന്റെ സാന്നിധ്യമില്ലാത്ത, പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന 4600 പുരുഷന്‍മാരിലും ട്രാന്‍സ് ജെന്‍ഡറുകളിലുമാണ് ആദ്യഘട്ടത്തില്‍ മരുന്ന് പരീക്ഷിച്ചത്. ഇത്തരം ലൈംഗിക സ്വഭാവമുള്ളവര്‍ക്ക് എച്ച്.ഐ.വി ബാധക്കുള്ള സാധ്യത കൂടുതലാണ്.
ശരീരത്തില്‍ എച്ച്.ഐ.വി രോഗാണുവില്ലാത്ത, സ്ത്രീകളുമായും പുരുഷന്‍മാരുമായും സെക്‌സില്‍ ഏര്‍പ്പെടുന്ന 3200 സ്ത്രീകളിലാണ് രണ്ടാം ഘട്ടത്തില്‍ പരീക്ഷണം നടത്തിയത്. ട്രുവാഡ ഗുളിക കഴിക്കുന്നവരേക്കാള്‍ എച്ച്.ഐ.വി ബാധ 69 ശതമാനം കുറക്കാന്‍ അപ്രിറ്റിയൂഡിന് കഴിയുമെന്നാണ് ആദ്യ പരീക്ഷണത്തില്‍ കണ്ടെത്തിയത്. എച്ച്.ഐ.വി ബാധ 90 ശതമാനം കുറക്കാന്‍ സഹായിക്കുമെന്നാണ് രണ്ടാം പരീക്ഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
ട്രുവാഡയും ഡെസ്‌കോവിയും ഉപയോഗിക്കുന്നവര്‍ക്ക് എച്ച്.ഐ.വി ബാധയില്‍ നിന്ന് 90 ശതമാനം സംരക്ഷണം നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അപ്രിറ്റിയൂഡ് കുത്തിവെപ്പ് അതിലും കൂടുതല്‍ സംരക്ഷണം നല്‍കുമെന്നാണ് പരീക്ഷണ ഫലം വ്യക്തമാക്കുന്നത്.
എന്നാല്‍, അപ്രിറ്റിയൂഡ് കുത്തിവെക്കുന്നവരില്‍ തലവേദന, ക്ഷീണം പോലുള്ള പാര്‍ശ്വഫലങ്ങളുണ്ടാവുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അപ്രിറ്റിയൂഡില്‍ അടങ്ങിയിരിക്കുന്ന മരുന്ന് ഗുളികയായി നാല് ആഴ്ച്ച നല്‍കാന്‍ നിര്‍ദേശമുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ കുത്തിവെപ്പ് എടുക്കാവൂ.
എച്ച്.ഐ.വി പോസിറ്റീവ് ആയവര്‍ ഈ മരുന്ന് കഴിക്കരുതെന്നും എഫ്.ഡി.എ നിര്‍ദേശിച്ചിട്ടുണ്ട്. പോസിറ്റീവായവരുടെ ശരീരത്തിലെ രോഗാണുക്കള്‍ മരുന്ന് പ്രതിരോധശേഷി കൈവരിക്കുമെന്നതാണ് കാരണം. കൂടാതെ വൈറസിന്റെ അപകടസ്വഭാവവും വര്‍ധിക്കാം. അതിനാല്‍, എച്ച്.ഐ.വി പോസിറ്റീവായവര്‍ മറ്റു ചികില്‍സകള്‍ തേടണമെന്നാണ് നിര്‍ദേശം.
ട്രുവാഡയും ഡെസ്‌കോവിയും കഴിക്കുന്നതിനുള്ള ചെലവ് ഇന്‍ഷുറന്‍സ് പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് യു.എസിലെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് വിഭാഗം ജൂലൈയില്‍ ഉത്തരവിറക്കിയിരുന്നു. അപ്രിറ്റിയൂഡിന് അനുമതി ലഭിച്ചതോടെ അതിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. അടുത്തവര്‍ഷം മുതല്‍ മരുന്ന് ലോകത്തെല്ലായിടത്തും എത്തും എന്നാണ് പ്രതീക്ഷ.