ന്യൂദല്‍ഹി- ഹരിദ്വാറില്‍ ഈയിടെ നടന്ന ഒരു ഹിന്ദു മത സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ മുസ്ലിംകള്‍ക്കെതിരെ നടത്തിയ കൊലവിളി വംശഹത്യാ ആഹ്വാനവും സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ പോലീസ് കേസെടുത്തു. പരിപാടിയില്‍ പലരും വിദ്വേഷ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിലും ഒരാള്‍ക്കെതിരെ മാത്രമാണ് കേസ്. മുസ്ലിംകളെ കൊന്നൊടുക്കാന്‍ പോലീസും രാഷ്ട്രീയക്കാരും സൈന്യവും ഹിന്ദുക്കളും ആയുധം കയ്യിലെടുക്കണമെന്നും കൂട്ടത്തോടെ കൊന്നൊടുക്കണമെന്നും വംശഹത്യയല്ലാതെ മറ്റൊരു പോംവഴി ഇല്ലെന്നുമായിരുന്നു ഹിന്ദു രക്ഷാ സേനാ നേതാവ് പ്രബോധാനന്ദ് ഗിരിയുടെ പ്രസംഗം. മ്യാന്‍മറിലെ പോലെ ഇന്ത്യയിലും വംശഹത്യ നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഹ്വാനം.
ഡിസംബര്‍ 17 മുതല്‍ 20 വരെയയിരുന്നു ഹരിദ്വാറിലെ പരിപാടി. നാലു ദിവത്തിനു ശേഷം വിദ്വേഷ പ്രസംഗങ്ങള്‍ വിവാദമായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സകേത് ഗോഖലെയാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് രജിസറ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കുറ്റാരോപിതനായി ചേര്‍ത്തിരിക്കുന്നത് ജിതേന്ദര്‍ നാരായണ്‍ എന്ന വസീം റിസ്‌വിയുടെ പേര് മാത്രമാണ്. മുന്‍ യുപി ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാനായ ഇദ്ദേഹം ഈയിടെ ഹിന്ദു മതം സ്വീകരിച്ചയാളാണ്. ഇസ്ലാമിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ഇദ്ദേഹത്തിനും മറ്റുള്ളവര്‍ക്കുമെതിരെ ചാര്‍ത്തിയിരിക്കുന്ന കുറ്റം. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസംഗത്തിന്റെ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
അതേസമയം പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ പറയുന്നത് തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ്. ഞാന്‍ പറഞ്ഞതിനെ ചൊല്ലി എനിക്ക് ഒരു സങ്കോചവുമില്ല. എനിക്ക് പോലീസിനേയും പേടിയില്ല. പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു- ആയുധമെടുത്ത് മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ ആഹ്വാനം ചെയ്ത പ്രബോധാനന്ദ ഗിരി പ്രതികരിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ നിരവിധി ബിജെപി നേതാക്കള്‍ക്കൊപ്പം പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള ആളാണ് ഇദ്ദേഹം.