ന്യൂദല്‍ഹി- വജ്ര വ്യവസായി നീരവ് മോഡി ഉള്‍പ്പെട്ട പഞ്ചാബ് നാഷനല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. 11,300 കോടി രൂപ തട്ടിയെടുത്ത നീരവ് മോഡിയെ ഇന്ത്യയിലെത്തിക്കണമെന്ന് കൂടി ആവശ്യപ്പെടുന്നതാണ് ഹരജി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ബോധിപ്പിച്ചത്.
അഭിഭാഷകനായ വിനീത് ധന്‍ഡ ഫയല്‍ ചെയ്ത ഹരജിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് മാര്‍ച്ച് 16 ലേക്കു മാറ്റി.
പി.എന്‍.ബിക്കു പുറമെ, റിസര്‍വ് ബാങ്ക്, ധന, നിയമ മന്ത്രാലയങ്ങള്‍ എന്നിവയെ കക്ഷികളായി ചേര്‍ത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം, പി.എന്‍.ബിയിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണം, നീരവ് മോഡിയെ ഇന്ത്യയില്‍ എത്തിക്കണം, വന്‍ തുകയുടെ വായ്പ അനുവദിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ കര്‍ശനമാക്കാന്‍ ധനമന്ത്രാലയത്തിനു നിര്‍ദേശം നല്‍കണം, തട്ടിപ്പിന് ഒത്താശ ചെയ്യുന്ന ജീവനക്കാര്‍ വിരമിച്ചാലും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി വായ്പ തിരിച്ചുപിടിക്കണം തുടങ്ങിയവയാണ് ഹരജിയിലെ ആവശ്യങ്ങള്‍.
ബാങ്ക് കുംഭകോണം രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്ന ഏജന്‍സി അന്വേഷിച്ചാല്‍ പോരെന്നും സ്വതന്ത്ര സംഘം അന്വേഷിക്കണമെന്നും ഹരജിയില്‍ പറഞ്ഞു.