മധുര- മധുരയിലെ ഒത്തക്കട മൈതാനത്ത് വന്‍ ജനാവലിയെ സാക്ഷിയാക്കി തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം എന്നാണ് പാര്‍ട്ടിയുടെ പേര്. ജനനീതി കക്ഷി എന്നര്‍ഥം വരുന്ന പാര്‍ട്ടിയുടെ ആശയങ്ങളും അദ്ദേഹം റാലിയില്‍ പ്രഖ്യാപിച്ചു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുഖ്യാതിഥിയായിരുന്നു. രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങള്‍ക്കു ശേഷമാണ് ഇന്നലെ രാവിലെ ആരംഭിച്ച രാഷ്ട്രീയ പ്രഖ്യാപന യാത്ര മധുരയില്‍ എത്തിച്ചേര്‍ന്നത്.
അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ രാമേശ്വരത്തെ വസതിയില്‍ വെച്ചായിരുന്നു പര്യടനത്തിന്റെ തുടക്കം. കലാമിന്റെ മൂത്ത സഹോദരന്‍ മുത്തു മീരാന്‍ മരയ്ക്കാര്‍ കമലിനെ ഉപഹാരം നല്‍കി സ്വീകരിച്ചു. പിന്നീട് കലാം സ്മാരകവും അദ്ദേഹം സന്ദര്‍ശിച്ചു.
ലളിതജീവിതം നയിച്ച ഒരു മഹാന്റെ വസതിയില്‍ നിന്നു പര്യടനം തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് കമല്‍ ട്വിറ്ററില്‍ കുറിച്ചു.
കലാമിന്റെ വസതി സന്ദര്‍ശിച്ചതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഏറെ ഇഷ്ടമാണെന്നും മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ തന്റെ ആശയം എന്താണെന്നതു പ്രസക്തമല്ല. വിശക്കുമ്പോള്‍ ഭക്ഷണം പോലെ വേണ്ട സമയത്ത് കൃത്യമായ ആശയങ്ങള്‍ സ്വീകരിക്കും. നടന്മാര്‍ എന്തിനാണു രാഷ്ട്രീയത്തിലേക്കു വരുന്നതെന്ന ചോദ്യത്തിനു പ്രസക്തിയില്ല. നേരത്തേ അഭിഭാഷകര്‍ രാഷ്ട്രീയത്തിലേക്ക് വന്നിട്ടുണ്ടെന്ന് ഗാന്ധിജിയേയും അംബേദ്കറേയും ചൂണ്ടിക്കാട്ടി കമല്‍ പറഞ്ഞു. അവരോടൊന്നും ആരും എന്തുകൊണ്ടു രാഷ്ട്രീയത്തില്‍ വന്നുവെന്ന് ചോദിച്ചിട്ടില്ലെന്നും നടന്മാരുടെ വരവും അങ്ങനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രീയത്തിലെ തന്റെ ഹീറോകളില്‍ ഒരാളാണെന്നും അദ്ദേഹം ടെലിഫോണില്‍ വിളിച്ചിരുന്നുവെന്നും കമല്‍ വെളിപ്പെടുത്തി. മേഖലയിലെ മത്സ്യത്തൊഴിലാളികളുമായി കമല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കു വായ്പ, ധനസഹായം തുടങ്ങിയവ ഉറപ്പു വരുത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.