Sorry, you need to enable JavaScript to visit this website.

മൊബൈല്‍ ഫോണ്‍ തൊടാതെ ആലപ്പുഴ പ്രതികള്‍, അന്വേഷണം സംസ്ഥാനത്തിന് പുറത്ത്

ആലപ്പുഴ- കേരളത്തെ നടുക്കിയ ആലപ്പുഴയിലെ ഷാന്‍, രഞ്ജിത് ഇരട്ടക്കൊലക്കേസുകളിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായി എ.ഡി.ജി.പി. വിജയ് സാഖറെ. എല്ലാ പ്രതികളെയും പിടികൂടുമെന്നും സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് കേസുകളിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെല്ലാം ഒളിച്ചിരിക്കുകയാണ്.  അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൃത്യത്തില്‍ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചനകള്‍ ലഭിച്ചതോടെയാണ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
കൃത്യം നടത്തിയവരെക്കുറിച്ചുള്ള ഏകദേശ ധാരണ പോലീസിനു ലഭിച്ചിട്ടുണ്ട്. കൊലപാതകികളെയും ഇതിനു കൂട്ടുനിന്നവരെയും കണ്ടെത്താന്‍ പോലീസിന്റെ നാല് സൈബര്‍ സെല്ലുകളാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കാര്യമായ ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികളാരും സംഭവത്തിനു മുന്‍പോ ശേഷമോ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിട്ടില്ല.

രണ്ടുവിഭാഗങ്ങളുടെയും ശക്തികേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിട്ടും തുമ്പൊന്നും കിട്ടിയിട്ടില്ല. ആലപ്പുഴ ജില്ലയില്‍ സംശയം തോന്നുന്ന 250ലധികംവീടുകളില്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
കൊലപാതകങ്ങള്‍ക്ക് പിന്നിലെ ഗൂഡാലോചന ഉള്‍പ്പെടെ കണ്ടെത്തും. പ്രദേശത്തെ സമാധാനം തകരാതിരിക്കാനാണ് റെയ്ഡുകള്‍ വ്യാപകമാക്കുന്നത്. നിയമ വ്യവസ്ഥ തകരാതിരിക്കാ മുന്‍കരുതല്‍ ആവശ്യമാണ്. അതിനാല്‍ റെയ്ഡ് തുടരും. ഇരുകേസുകളിലെയും പ്രതികള്‍ക്ക് പിന്നാലെ പോലീസുണ്ട്. രഞ്ജിത്ത് വധക്കേസിലെ പ്രതികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന ആംബുലന്‍സ് കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

 

Latest News