അന്താനാനാരീവോ- മഡഗാസ്‌കര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്ത് തിങ്കളാഴ്ച പോലീസ് മന്ത്രി സെര്‍ജ് ഗല്ലെയടക്കം നാലംഗസംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണിരുന്നു. പിന്നാലെ പലഭാഗങ്ങളിലായി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എന്നാല്‍, ഏവരെയും ഞെട്ടിച്ചുകൊണ്ട് കടലില്‍ 12 മണിക്കൂറോളം നീന്തി കരപറ്റിയിരിക്കുകയാണ് 57കാരനായ സെര്‍ജ് ഗല്ലെ. ഒപ്പമുണ്ടായിരുന്ന ഒരു പോലീസ് ഓഫീസറും ഗല്ലെയ്‌ക്കൊപ്പം തീരത്തെത്തി. തനിക്ക് മരിക്കാനുള്ള സമയം ഇതുവരെയും ആയിട്ടില്ലെന്ന് രക്ഷപ്പെട്ടശേഷം ഗല്ലെ ജനങ്ങളോട് പറഞ്ഞു. നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. പക്ഷേ, പരിക്കൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കായികശേഷിയുള്ള ഗില്‍ മൂന്ന് പതിറ്റാണ്ടോളം പോലീസില്‍ സേവനമനുഷ്ഠിച്ചശേഷം ഓഗസ്റ്റില്‍ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് മന്ത്രിസ്ഥാനത്തെത്തിയത്.തിങ്കളാഴ്ച രാവിലെ വടക്കുകിഴക്കന്‍ തീരത്ത് കപ്പല്‍ തകര്‍ന്ന് 39 പേര്‍ മരിക്കാനിടയായ സ്ഥലം പരിശോധിക്കാനാണ് ഗല്ലെയടക്കം നാലുപേരുമായി ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. പിന്നാലെ തകരുകയായിരുന്നു. കാണാതായ മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.