ഇടുക്കി- അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ജന്മനാടും നാട്ടുകാരും. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പുലര്‍ച്ചയോടെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹം ഇപ്പോള്‍ വിലാപയാത്രയായി തൊടുപുഴയിലേക്ക് കൊണ്ടുപോവുകയാണ്. ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലും വഴിയോരത്തുമായി എത്തിയത്.
ജില്ലാ കലക്ടറും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ചേര്‍ന്ന് പുലര്‍ച്ചെയാണ് വെല്ലൂരിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പി.ടി.തോമസിന്റെ മൃതദേഹം സംസ്ഥാന അതിര്‍ത്തിയില്‍ ഏറ്റുവാങ്ങിയത്.
പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. പാലാ, ഇടുക്കി ബിഷപ്പുമാര്‍ പി.ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. തൊടുപുഴയില്‍ രാജീവ് ഭവനില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. തുടര്‍ന്ന് എറണാകുളം ഡിസിസി ഓഫീസിലെത്തിച്ചശേഷം മൃതദേഹം എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെയ്ക്കും.
രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അര്‍പ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ പി ടി തോമസിന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ യാത്രമൊഴി നല്‍കും. തുടര്‍ന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തില്‍ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകള്‍. കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ പിടി തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസ്സായിരുന്നു.