ന്യൂദൽഹി- പുതിയ പാർലമെന്റ് മന്ദിരം 2022 നവംബറിൽ പൂർത്തിയാകുമെന്ന് ലോക്‌സഭ സ്പീക്കർ ഓം ബിർള. നിർമാണ പുരോഗതികൾ ചൊവ്വാഴ്ച വിലയിരുത്തിയിരുന്നു. സെൻട്രൽ പബ്ലിക് വർക്‌സ് വകുപ്പും നിർമാണ കമ്പനി അധികൃതരും നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് ഉറപ്പു നൽകിയിരിക്കുന്നതെന്നും സ്പീക്കർ വ്യക്തമാക്കി. ലഖിംപൂർ ഖേരി വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്കും സമയവായത്തിനും താൻ നേരിട്ടു ശ്രമം നടത്തിയിരുന്നു. എങ്കിലും പരിഹാര നിർദേശങ്ങൾക്ക് ആരും വഴങ്ങിയില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷ ബഹളം മൂലം ലോക്‌സഭയിൽ 18 മണിക്കൂറും 48 മിനിറ്റും പാഴായിപ്പോയെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. എങ്കിലും സുപ്രധാന ബില്ലുകളിൽ ചർച്ചകൾ നടക്കുകയും പാസാക്കുകയും ചെയ്തു. ഒമിക്രോൺ, കാലാവസ്ഥ വ്യതിയാനം ഉൾപ്പടെയുള്ള വിഷയങ്ങളും സഭയിൽ ചർച്ച ചെയ്തുവെന്നും സ്പീക്കർ വ്യക്തമാക്കി.