റിയാദ് - സൗദിയിൽ ലോക്കൽ റോമിംഗ് സേവനത്തിന്റെ അഞ്ചാം ഘട്ടത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) തുടക്കം കുറിച്ചു. മക്ക, അൽബാഹ പ്രവിശ്യകളിലെ 5,737 ഗ്രാമങ്ങളിലും റിമോട്ട് ഏരിയകളിലും ഈ ഘട്ടത്തിൽ ലോക്കൽ റോമിംഗ് സേവനം ലഭിക്കും. മക്ക പ്രവിശ്യയിലെ 4,801 ഗ്രാമങ്ങളിലും റിമോട്ട് ഏരിയകളിലും അൽബാഹ പ്രവിശ്യയിലെ 936 ഗ്രാമങ്ങളിലും റിമോട്ട് ഏരിയകളിലും ലോക്കൽ റോമിംഗ് സേവനം ലഭ്യമാക്കാനാണ് അഞ്ചാം ഘട്ടത്തിൽ സി.ഐ.ടി.സി ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തിൽ അസീർ പ്രവിശ്യയിലെയും രണ്ടാം ഘട്ടത്തിൽ റിയാദ്, അൽഖസീം പ്രവിശ്യകളിലെയും മൂന്നാം ഘട്ടത്തിൽ കിഴക്കൻ പ്രവിശ്യ, ഉത്തര അതിർത്തി പ്രവിശ്യ, അൽജൗഫ് പ്രവിശ്യകളിലെയും നാലാം ഘട്ടത്തിൽ തബൂക്ക്, ഹായിൽ, മദീന പ്രവിശ്യകളിലെയും ഗ്രാമങ്ങളിലും റിമോട്ട് ഏരിയകളിലും ലോക്കൽ റോമിംഗ് സേവനം നടപ്പാക്കിയിരുന്നു. ജിസാൻ, നജ്‌റാൻ പ്രവിശ്യകളിൽ കൂടി മാത്രമാണ് ഇനി സേവനം നടപ്പാക്കാനുള്ളത്.