പട്ന- ബിഹാറില്‍ ഇന്ത്യന്‍ റെയില്‍വെയുടെ വിന്റേജ് സ്റ്റീം എന്‍ജിന്‍ ആക്രിയാക്കി വില്‍ക്കാന്‍ ശ്രമിച്ച റെയില്‍വേ എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്തു. എന്‍ജിനിയര്‍ രാജീവ് രഞ്ജന്‍ ഝാക്കും പൂര്‍ണിയ ജില്ലയിലെ മറ്റ് ആറ് പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികളെ പിടികൂടാനും വസ്തുക്കള്‍ വീണ്ടെടുക്കാനും അന്വേഷണസംഘം രൂപീകരിച്ചതായി സമസ്തിപുര്‍ റെയില്‍വേ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ എ.കെ.ലാല്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സമസ്തിപൂര്‍ ഡിവിഷന്‍ ഡി.ആര്‍.എം അലോക് അഗര്‍വാള്‍ വ്യക്തമാക്കി.
പ്രദര്‍ശനത്തിനായി പൂര്‍ണിയയില്‍ സ്ഥാപിച്ച മീറ്റര്‍ ഗേജ് എന്‍ജിന്‍ സുശീല്‍ യാദവ് എന്നയാളുടെ സഹായത്തോടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഝായെ റെയില്‍വെ അധികൃതര്‍ പിടികൂടിയത്. ആര്‍.പി.എഫ് ഔട്ട്‌പോസ്റ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ എം.എം. റഹ്്മാന്‍ അന്വേഷിക്കാന്‍ എത്തിയപ്പോള്‍ എന്‍ജിന്‍ പൊളിച്ച് ഭാഗങ്ങള്‍ ഡീസല്‍ ലോക്കോമോട്ടീവ് ഷെഡിലേക്ക് മാറ്റാന്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഉത്തരവിട്ടതായുള്ള കത്ത് കാണിക്കുകയായിരുന്നു.
പിക്ക് അപ്പ് വാനില്‍ അവശിഷ്ടങ്ങളുമായി സ്ഥലം വിടുന്നതിന് മുമ്പ് ഝാ ഇക്കാര്യം സ്ഥിരീകരിച്ച് റഹ്മാന് ഒരു മെമ്മോയും നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എന്‍ജിന്‍ ഭാഗങ്ങള്‍ പൊളിച്ചു കൊണ്ടുപോകുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഝാ കാണിച്ച കത്ത് വ്യാജമാണെന്നും കണ്ടെത്തിയത്. കടത്തിയ വസ്തുക്കളും ഇവ വാങ്ങിയവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയില്‍വേ പോലീസ്. എന്‍ജിന്‍ ഭാഗങ്ങള്‍ ആക്രിയാക്കി വില്‍പന നടത്തുന്നതിന് ഝാ ഇടപാട് ഉറപ്പിച്ചിരുന്നു. ഝായും യാദവും ഒളിവിലാണ്. റെയല്‍വെ സംരക്ഷണ സേന ഇവരെ പിടികൂടുമെന്നും റെയില്‍വെ ആസ്തി നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ഡി.ആര്‍.എം. അലോക് അഗര്‍വാള്‍ പറഞ്ഞു. ഡീസല്‍ ഷെഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര ദ്വിവേദിയെ ജോലിയെ വീഴ്ച ചൂണ്ടിക്കാട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്‍ജിന്‍ ഭാഗങ്ങള്‍ പൊളിച്ചുനീക്കുന്നതിന് ഉപയോഗിച്ച ഹൈഡ്ര ക്രെയിന്‍ ഗുല്‍ബര്‍ഗ ടൗണില്‍നിന്ന് പിടിച്ചെടുത്തതായി ആര്‍.പി.എഫ് പുര്‍ണിയ ഇന്‍സ്‌പെക്ടര്‍ ബി.പി.മണ്ടല്‍ പറഞ്ഞു. ഝായെ പിടികൂടുന്നതിനെ പട്‌നയിലെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. ഝായുടെ ഭാര്യ നഴ്‌സായാണ് ജോലി നോക്കുന്നത്.