തെല്‍ അവീവ്- കോവിഡ് വാക്‌സിന്‍ നാലാം ഡോസ് കുത്തിവെപ്പ് പ്രഖ്യാപിച്ച ആദ്യ രാജ്യമായി ഇസ്രായില്‍. ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കെയാണ് രാജ്യത്ത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നാലാം ഡോസ് കുത്തിവെപ്പ് ആരംഭിക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം. ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് നാലാം ഡോസിന് അനുമതി നല്‍കിയത്. അതേസമയം മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരില്‍ നിന്നും ഔപചാരിക അനുമതി വരാനിരിക്കുന്നതെയുള്ളൂ. എങ്കിലും ഉടന്‍ നാലാം ഡോസ് എടുക്കാന്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റ് ജനങ്ങളോട് ആഹ്വാനം ചെയ്തു. സമയം പാഴാക്കാതെ വേഗം വാക്‌സിനെടുക്കൂ എന്നാണ് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഒമിക്രോണ്‍ മൂലം ഇസ്രായിലില്‍ ആദ്യം മരണം റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് നാലാ ഡോസ് വിതരണ പ്രഖ്യാപനം വന്നത്. രാജ്യത്ത് ചൊവ്വാഴ്ച വരെ 340 ഒമിക്രോണ്‍ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. യുഎസ്, ജര്‍മനി, ഇറ്റലി, തുര്‍ക്കി, കാനഡ എന്നീ രാജ്യങ്ങളിലേക്കു കൂടി ഇസ്രായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.