ചെന്നൈ- നടന്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും പേരിലുള്ള ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ചെന്നൈ ഹൈക്കോടതി റദ്ദാക്കി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ചെന്നൈ ചെങ്കല്‍പ്പെട്ട് കറുപ്പഴിപ്പള്ളത്തിനടുത്തുള്ള 40 ഏക്ക!ര്‍ സ്ഥലം നേരത്തെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച് തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷന്റെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്.
1997 ലാണ് മമ്മൂട്ടി കറുപ്പഴിപ്പള്ളത്തിനടുത്തുള്ള പ്രദേശത്ത് 40 ഏക്കര്‍ സ്ഥലം കപാലി പിള്ള എന്നയാളില്‍നിന്ന് വില കൊടുത്തു വാങ്ങിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2007ല്‍ തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷന്‍ ഈ സ്ഥലം സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചു. ഇതോടെയാണ് സ്ഥലം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന സാഹചര്യമുണ്ടായത്.
സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച വര്‍ഷം തന്നെ കോടതിയെ സമീപിച്ച മമ്മൂട്ടി അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാല്‍ വിധി സ്വമേധയാ പുനപരിശോധിച്ച ലാന്‍ഡ് കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിട്രേഷന്‍ 2020 മേയ് മാസത്തോടെ ഭൂമി പിടിച്ചെടുക്കാനുള്ള നിയമ നീക്കങ്ങള്‍ ആരംഭിച്ചു. ഇതോടെ മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ലാന്‍ഡ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നു. സ്വകാര്യ വ്യക്തിയില്‍ നിന്നാണ് ഭൂമി പണം നല്‍കി വാങ്ങിയതെന്ന് ഇരുവരുടെയും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സ്ഥലം ഉടമകളുടെ വിശദീകരണം കേട്ട ശേഷം ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണറോട് 12 ആഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവിറക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.