കൊല്‍ക്കത്ത- കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തൂത്തൂവാരിയ വിജയം. 144 വാര്‍ഡുകളില്‍ 134 ഇടത്തും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. മുഖ്യപ്രതിപക്ഷമായി മാറിയ ബിജെപിക്ക് ലഭിച്ചത് മൂന്ന് സീറ്റുകള്‍. ഇടതു മുന്നണിക്കും കോണ്‍ഗ്രസിനും രണ്ട് സീറ്റുകള്‍ വീതവും ലഭിച്ചു. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും ജയിച്ചു. വോട്ടു വിഹിതത്തില്‍ ഇടതു മുന്നണിക്ക് ആശ്വസിക്കാന്‍ വകയുണ്ട്. ബിജെപിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇടതിനു ലഭിച്ചു. 71.95 ശതമാനം വോട്ടുകളും തൃണമൂലിന് ലഭിച്ചു. ഇടതിന് 11.13 ശതമാനവും ബിജെപിക്ക് 8.94 ശതമാനവും കോണ്‍ഗ്രസിന് 4.47 ശതമാനവുമാണ് വോട്ട്. 3.25 ശതമാനം വോട്ടര്‍മാര്‍ സ്വതന്ത്രരേയും പിന്തുണച്ചു. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ 124, ഇടതു മുന്നണി 13, ബിജെപി 5, കോണ്‍ഗ്രസ് 2 എന്നിങ്ങനെയായിരുന്നു സീറ്റ് നില.