ന്യൂദല്‍ഹി- മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച താജ്മഹല്‍ ശിവ ക്ഷേത്രമാണെന്ന തീവ്രഹിന്ദുത്വവാദികളുടെ വാദം ആര്‍ക്കിയോളക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എ.എസ്.ഐ) തള്ളി. താജ്മഹല്‍ ഷാജഹാന്റേയും ഭാര്യ മുംതാസ് മഹലിന്റേയും ശവകുടീരങ്ങള്‍ അടങ്ങുന്ന സ്മൃതിമണ്ഡപം മാത്രമാണെന്ന് എ.എസ.്ഐ വ്യക്തമാക്കി. തേജോമഹാലയ എന്ന ക്ഷേത്രമാണെന്ന വാദം വെറും സങ്കല്‍പ്പകഥയാണ്. ലഭ്യമായ ചരിത്ര തെളിവുകളെല്ലാം വ്യക്തമാക്കുന്നത് താജ്മഹല്‍ ഒരു ശവകൂടീരം മാത്രമാണെന്നും ആഗ്ര കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എ.എസ.്ഐ വ്യക്തമാക്കി.
താജ്മഹല്‍ യഥാര്‍ഥത്തില്‍ ക്ഷേത്രമായിരുന്നെന്നും അതിനെ തേജോമഹാലയ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ രാജേശ് കുല്‍ശ്രേഷഠ നല്‍കിയ കേസിലാണ് എ.എസ്്.ഐ സത്യവാങ്മൂലം. താജ്മഹലിന്റെ അടച്ചിട്ട ഭാഗങ്ങള്‍ തുറന്ന് സത്യം വെളിപ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏതെല്ലാം ഭാഗങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറക്കണമെന്നതു സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ടെന്നും ഇക്കാര്യത്തില്‍ പുനപ്പരിശോധന ആവശ്യമില്ലെന്നും എ.എസ്.ഐക്കു വേണ്ടി ഹാജരായ അഞ്ജനി ശര്‍മ കോടതിയില്‍ വ്യക്തമാക്കി.
സ്വയം പ്രഖ്യാപിത ചരിത്രകാരനായ പി.എന്‍ ഓക് എന്നയാളുടെ ഒരു പുസ്തകത്തിലാണ് താജമഹല്‍ ഒരു ഹൈന്ദവ ക്ഷേത്രമായിരുന്നെന്ന വാദം ആദ്യ ഉന്നയിക്കപ്പെട്ടതെന്ന് എ.എസ്.ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു ശേഷം സംഘപരിവാര്‍ സംഘടനകളും ബിജെപി മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയ തീപ്പൊരി ഹിന്ദുത്വ നേതാക്കളും ഈ വാദം ഏറ്റും പിടിക്കുകയായിരുന്നു. ലഖ്നൗവില്‍നിന്ന് ചില അഭിഭാഷകരും താജ്മഹലിനെ ക്ഷേത്രമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. താജ്മഹലിനടുത്ത ദസറ ഘട്ടില്‍ ശിവനെ ആരാധിക്കുന്ന കര്‍മങ്ങള്‍ ശിവ സേന പതിവായി സംഘടിപ്പിച്ചു വരുന്നുണ്ട്. താജമഹല്‍ സമുച്ചയത്തിനകത്തെ പള്ളിയില്‍ മുസ്ലിംകളെ നിസ്‌ക്കരിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.