യാങ്കൂണ്‍- ജൂലൈയില്‍ മ്യാന്‍മര്‍ സൈന്യം 40 ലധികം സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്തതായി ബി.ബി.സി അന്വേഷണത്തില്‍ കണ്ടെത്തി.
ദൃക്സാക്ഷികളും അക്രമത്തെ അതിജീവിച്ചവരും ഇതിനുള്ള തെളിവുകള്‍ വാര്‍ത്താ സംഘത്തോട് പങ്കുവച്ചു. ഗ്രാമവാസികളെ വളഞ്ഞ പട്ടാളക്കാരില്‍ 17 വയസ്സ് മാത്രം പ്രായമുള്ളവരും ഉണ്ടായിരുന്നു. പുരുഷന്മാരെ മാറ്റിനിര്‍ത്തി ക്രൂരമായി പീഡിപ്പിക്കുകയും ജീവനോടെ കുഴിച്ചിടുകയും ചെയ്തതായി സംഭവങ്ങളുടെ വീഡിയോ ഫൂട്ടേജുകളും ചിത്രങ്ങളും കാണിക്കുന്നു.
സെന്‍ട്രല്‍ മ്യാന്‍മറിലെ സാഗിംഗ് ജില്ലയില്‍ പ്രതിപക്ഷ ശക്തികേന്ദ്രമായ കനി ടൗണ്‍ഷിപ്പില്‍ ജൂലൈയില്‍ നാല് വ്യത്യസ്ത സംഭവങ്ങളിലാണ് കൊലപാതകങ്ങള്‍ നടന്നത്.
ഫെബ്രുവരിയിലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് ജനാധിപത്യത്തിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് മിലിഷ്യ ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണത്തിനുള്ള കൂട്ടായ ശിക്ഷയാണ് കൊലപാതകമെന്ന് കരുതപ്പെടുന്നു. സൈനിക സര്‍ക്കാരിന്റെ വക്താവ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടില്ല.
ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ താഴെയിറക്കി രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതുമുതല്‍ സൈന്യത്തിന് സാധാരണക്കാരില്‍ നിന്ന് ചെറുത്തുനില്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്.