ന്യൂദല്‍ഹി- കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. രണ്ട് പുതിയ വാക്സിനുകള്‍ക്കുളള അനുമതി പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് വിവിധ വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മൂന്നാം രംഗം മുന്നില്‍കണ്ട് കൊണ്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും ഇതിനു വേണ്ടിയുള്ള മാര്‍ഗരേഖ ഉടനെ പുറത്തിറക്കുമെന്നും രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
രണ്ട് പുതിയ വാക്‌സിനുകള്‍ക്ക് കൂടി അടിയന്തര ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കുമെന്നും ഇതിനോടകം തന്നെ വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായവരില്‍ 88 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കികഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മരുന്നുകളും വെന്റിലേറ്ററുകളും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വരുന്ന രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് വാക്‌സിന്‍ ഉത്പാദനം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.