ന്യൂദൽഹി-വോട്ടർ പട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ലോക്‌സഭ ബിൽ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പും ബഹളവും മറികടന്നാണ് ബിൽ പാസാക്കിയത്. കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. താമസിക്കുന്നതിന്റെ മാത്രം തെളിവാണ് ആധാറെന്നും അതു പൗരത്വത്തിന്റെ തെളിവല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. വോട്ടർമാരോട് ആധാർ ചോദിക്കുമ്പോൾ പാർപ്പിടത്തിന്റെ രേഖ മാത്രമാണ് കിട്ടുന്നത്. പൗരത്വമില്ലാത്തവർക്കും വോട്ടവകാശം ലഭിക്കുന്നതിനുള്ള സാധ്യതയാണ് ഉണ്ടാവുകയെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ആധാറും വോട്ടർ ഐ.ഡിയും ബന്ധിപ്പിക്കുന്നത് തെറ്റാണെന്നും കോൺഗ്രസ് നേതാവ മനീഷ് തിവാരി ചൂണ്ടിക്കാട്ടി. പ്രതിപക്ഷം തെറ്റിദ്ധരിക്കപ്പെട്ടെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറയുന്നതെന്നും കേന്ദ്രം പ്രതികരിച്ചു.