കൊണ്ടോട്ടി- കരിപ്പൂരിൽ വിമാന സെക്യൂരിറ്റി ജീവനക്കാരനിൽനിന്ന് 3.5 കിലോ സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി നിഷാദ് അലിയിൽ നിന്നാണ് ഒന്നര കോടിയുടെ സ്വർണമിശ്രിതം പിടികൂടിയത്. സ്പൈസ് ജെറ്റ് വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നിഷാദ് അലി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇയാൾ കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകർ വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം പുറത്തേക്ക് കടത്താൻ തുടങ്ങിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ.വി. രാജന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺ കുമാർ. കെ.കെ, പ്രകാശ് എന്നിവരാണ് സ്വർണം പിടികൂടിയത്.