Sorry, you need to enable JavaScript to visit this website.

വീട്ടില്‍നിന്ന് ഭര്‍ത്താവിനെ പുറത്താക്കിയ യുവതിക്ക് പത്ത് ലക്ഷം രൂപ പിഴ

ശ്രീനഗര്‍- ഗാര്‍ഹിക പീഡന നിയമം ദുരുപയോഗം ചെയ്ത് ഭര്‍ത്താവിനെ വീട്ടില്‍നിന്ന് പുറന്തള്ളിയ സ്ത്രീക്ക് ജമ്മു കശ്മീര്‍ കോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചു.
കഠിനാധ്വാനം ചെയ്ത് നേടിയ പണം ഉപയോഗിച്ച് നിര്‍മിച്ച വീട്ടില്‍നിന്ന് ഭര്‍ത്താവിനെ പുറത്താക്കി അയാള്‍ക്ക് അഭയകേന്ദ്രമില്ലാതാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2019 ലാണ് യുവതി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വീട്ടില്‍ ഭര്‍ത്താവ് പ്രവേശിക്കുന്നതിന് കോടതി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ യുവതി ബന്ധുവിന്റേയും പോലീസിന്റേയും  സഹായത്തോടെ ഭര്‍ത്താവിനെ വീട്ടില്‍നിന്ന് പൂര്‍ണമായും പുറത്താക്കി.

വീട്ടില്‍ രണ്ട് മുറികള്‍ ഭര്‍ത്താവിന് നല്‍കണമെന്ന് 2019 മാര്‍ച്ച് 23 ന് കോടതി ഉത്തരവിട്ടു. യുവതി വീണ്ടും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തതോടെ ഹൈക്കോടതി 2019 ഏപ്രില്‍ 29ന് വീട്ടില്‍ സിസിടിവി സ്ഥാപിക്കാനും രണ്ടു പേരും വീട്ടില്‍ തന്നെ താമസിക്കാനും ഉത്തരവിട്ടു.

കോടതി ഉത്തരവുകളൊന്നും പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് കോടതി യുവതിക്ക് പിഴ ശിക്ഷ വിധിച്ചത്.

 

Latest News