ആലപ്പുഴ- ആലപ്പുഴയിലെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തില്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കി. അഞ്ച് പേര് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും പോലീസ് അറിയിച്ചു. ഇവരിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
മണ്ണഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് അക്രമി സംഘം ഷാനിനെ വെട്ടിപരുക്കേല്‍പ്പിച്ചത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഷാനിന്റെ ശരീരത്തില്‍ 40ല്‍ അധികം വെട്ടുകളുണ്ടായിരുന്നു. കഴുത്തിനേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പതിനൊന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായതായി പോലീസ് അറിയിച്ചു. അക്രമികള്‍ എത്തിയത് ആംബുലന്‍സിലെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. വെള്ളക്കിണറില്‍ നിന്ന് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. എസ് ഡി പി ഐ യുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലന്‍സെന്നും പോലീസ് പറഞ്ഞു.