അഹമദാബാദ്- ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരെ വാർത്ത നൽകുന്നതിൽ നിന്നും ദി വയർ വാർത്താ പോർട്ടലിനെ ഗുജറാത്ത് ഹൈക്കോടതി വിലക്കി. ജയ് ഷായുടെ കമ്പനി നരേന്ദ്ര മോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം ഉണ്ടാക്കിയ ക്രമാതീത വരുമാനത്തിന്റെ കണക്കുകൾ പുറത്തു കൊണ്ട് വന്ന ദി വയർ വാർത്താ പോർട്ടലിന് നേരത്തെ അഹമദാബാദ് ജില്ലാ കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇതു പിന്നീട് കോടതി നീക്കി. ഇതിനെതിര ജയ് ഷാ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വീണ്ടും വിലക്ക്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ദി വയർ അറിയിച്ചു.
ജയ് ഷായുടെ കമ്പനിയുടെ വരുമാനത്തെ കുറിച്ച് വാർത്ത പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് കോടതി ഉത്തരവ്. മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഒരു വർഷത്തിനിടെ ജയ് ഷായുടെ കമ്പനിയുടെ വരുമാനത്തിൽ 16,000 ഇരട്ടി വർധന ഉണ്ടായെന്നാണ് സർക്കാരിന്റെ ഔദ്യോഗിക രേഖകൾ വച്ച് ദി വയർ നേരത്തെ വാർത്ത പുറത്തു കൊണ്ടു വന്നത്.