Sorry, you need to enable JavaScript to visit this website.

ഇസ്ലാം വിടുന്നു, ഇനി ഒരു മതത്തിലുമില്ലെന്ന് കമല്‍ സി. നജ്മല്‍

ഒരു മതത്തിന്റെ പ്രാതിനിധ്യത്തിലും ഇനി ഉണ്ടാവില്ലെന്നും ഇസ്ലാം വിടുകയാണെന്നും രണ്ടു വര്‍ഷം മുമ്പ് ഇസ്ലാം സ്വീകരിച്ച കമല്‍ സി നജ്മല്‍ എന്ന പേരു സ്വീകരിച്ച കമല്‍ സി ചവറ അറിയിച്ചു. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  
നക്‌സല്‍ നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് ചൂണ്ടിക്കാട്ടിയാണ് കമല്‍ സി മതം മാറിയിരുന്നത്.
കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സാംസ്‌കാരിക പ്രവര്‍ത്തകനായ ടി.എന്‍ ജോയി ആണ് മതംമാറിയശേഷം നജ്മല്‍ ബാബു എന്നു പേരുമാറ്റിയത്. മരിക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പാണ് ജോയി മുസ്‌ലിമായത്. ഇസ്‌ലാം മത വിശ്വാസി സ്വീകരിച്ചുവെങ്കിലും മരണശേഷം നജ്മല്‍ ബാബുവിനെ അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെനനായിരുന്നു അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നത്. ബന്ധുക്കളുടെ താല്‍പ്പര്യപ്രകാരമാണ് ഇതിനു പകരമായി നജ്മല്‍ ബാബുവിന്റെ മൃതദേഹം  വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. ഈ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയും ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് താന്‍ മതം മാറുന്നതെന്നാണ് അന്ന് കമല്‍ സി ചവറ എഫ് ബി പോസ്റ്റില്‍ പറഞ്ഞിരുന്നത്.

പുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

''ഞാന്‍ ഇസ്ലാമിലേക്ക് കടന്ന് വന്ന രാഷ്ട്രീയ സാഹചര്യം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. അതിന് വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കിലും പ്രതിരോധത്തിന്റെ രാഷ്ട്രീയത്തില്‍ വ്യക്തത വരാതിരിക്കുകയും വര്‍ഗ്ഗീയതയ്ക്ക് ബദല്‍ വര്‍ഗ്ഗീയത എന്ന സമീപനം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. മതാധിഷ്ഠിതമായ ഒരു പ്രതിരോധത്തില്‍ ഇതു വരെയുള്ള അനുഭവങ്ങളും കാലവും എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. പുരോഹിതന്മാര്‍ക്ക് പള്ള വീര്‍പ്പിക്കാനുള്ള ഒരിടമായി മത ധാര്‍മ്മികത മാറിക്കഴിഞ്ഞു. വര്‍ഗ്ഗീയ ഫാസിഷത്തിനെതിരേ മൗലിക വാദവും യാഥാസ്ഥിതികത്വവും ബദലാകുന്ന വഴി സമൂഹത്തെ കൂടുതല്‍ അപകടത്തിലേക്ക് കൊണ്ട് പോവുമെന്ന് വിശ്വസിക്കുന്നു. ഈ അടുത്തിടെ ഉണ്ടായ ചില സംഭവവികാസങ്ങള്‍ ആ വിശ്വാസത്തിന് അടിവരയിടുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തെ മതപൗരോഹിത്യം അവരുടെ വാശിക്കും അബദ്ധജഡിലമായ വിശ്വാസങ്ങള്‍ക്കും ഉള്ള വഴിയായി മാറ്റുന്നു. ലോബികള്‍,  വെറുപ്പിന്റെ ചെറിയ ചെറിയ കൂട്ടായ്മകള്‍, കോക്കസ്  പ്രവര്‍ത്തനങ്ങള്‍, ചില വക്തികളില്‍ മാത്രം കേന്ദ്രമായ കൂടിച്ചേരലുകള്‍ ഇതെല്ലാം ഇസ്ലാമിനെ അതിന്റെ വെളിച്ചം കെടുത്താന്‍ കാരണമാവുന്നു. യാഥാസ്ഥിതികത്വവും പിന്തിരിപ്പന്‍ സമീപനങ്ങളും ഇസ്ലാമിനെ നാശത്തിലേക്ക് തന്നെ നയിച്ച് കൊണ്ടിരിക്കുന്നു. പ്രതീക്ഷയുടെ വരമ്പുകള്‍ എവിടെയും ഇല്ല .

ഒരു രാഷ്ട്രീയ പ്രഖ്യാപനമെന്ന നിലയില്‍ ഇസ്ലാമിലേക്ക് കടന്ന് വന്ന ആളാണ്  ഞാന്‍ . ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലീമസമായ അതിന്റെ ചുറ്റുപാടുകള്‍ എന്നെ ആ സമീപനത്തില്‍ മാറ്റം വരുത്താല്‍ പ്രേരിപ്പിക്കുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തിയേറുമ്പോഴും മതാധിഷ്ഠിതമായ പ്രതിലോമ ശക്തികള്‍ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിയുന്നു. രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാന്‍ എന്നെ തിരുത്തുന്നു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല. നിരവധി പിണക്കങ്ങള്‍ക്ക് ഇത് കാരണമായെന്ന് വരാം. പക്ഷേ എനിക്ക് എന്നോട് നീതി പുലര്‍ത്താതിരിക്കാന്‍ ആവില്ല . മതാധിഷ്ഠിതമായ പ്രതിരോധം ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വിത്ത് കള്‍ക്ക് വളക്കൂറുള്ള മണ്ണ് നല്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഞാന്‍ എന്നെ തിരുത്തുന്നു. ഒരു മതത്തിന്റെ പ്രാതിനിധ്യത്തിലും ഇനി ഉണ്ടാവില്ലെന്ന് മാത്രമല്ല മതാതീതമായ കൂട്ടായ്മകള്‍ക്ക് ആഗ്രഹിക്കുന്നു. ഇത് തീര്‍ത്തും എന്റെ വ്യക്തിപരമായ കാര്യമാണ്. അത്തരം പ്രതിരോധ സ്ഥലങ്ങള്‍ ഉപേക്ഷിക്കുന്നു.

എല്ലാവര്‍ക്കും നന്ദി.

 

Latest News