ന്യൂദല്‍ഹി- പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ പിതൃത്വം ചമയല്‍ ആണെന്ന് മജ്‌ലിസ് എംപി അസദുദ്ദീന്‍ ഉവൈസി. 18 വയസ്സ് പൂര്‍ത്തിയായ പൗരന്മാര്‍ക്ക് ബിസിനസ് തുടങ്ങാനും കരാറുകള്‍ ഒപ്പിടാനും പ്രധാനമന്ത്രിയേയും എംപിമാരേയും എംഎല്‍എമാരേയും തെരഞ്ഞെടുക്കുവാനും കഴിയും. എന്റെ അഭിപ്രായത്തില്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായം 21ല്‍ നിന്നും 18 ആക്കിച്ചുരുക്കകയാണ് വേണ്ടത്- ഉവൈസി പറഞ്ഞു.
സ്ത്രീകളുടെ ഉന്നമനത്തിന് ഈ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ബാലവിവാഹങ്ങള്‍ കുറഞ്ഞത് ഇവിടുത്തെ ക്രിമിനല്‍ നിയമങ്ങള്‍ മൂലമല്ല, വിദ്യാഭ്യാസവും നേരിയ സാമ്പത്തിക പുരോഗതിയും കൊണ്ടാണ്. ഇങ്ങനെയായിട്ടും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത് ഇന്ത്യയില്‍ 120 ലക്ഷം കുട്ടികള്‍ 18 വയസ്സെത്തും മുമ്പ് വിവാഹിതരാകുന്നുണ്ട് എന്നാണ്. വനിതകളുടെ ഉന്നമനത്തിന് ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തൊഴില്‍ രംഗത്ത് വനിതകളുടെ പ്രാതിനിധ്യം 2005ല്‍ 26 ശതമാനമായിരുന്നത് 2020ല്‍ 16 ശതമാനമായി ഇടിയുകയാണ് ഉണ്ടായത്- ഉവൈസി ചൂണ്ടിക്കാട്ടി.
14 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വിവാഹം അനുവദിക്കുന്ന പല സംസ്ഥാനങ്ങളും അമേരിക്കയിലുണ്ട്. ബ്രിട്ടനിലും കാനഡയിലും 16ാം വയസ്സില്‍ വിവാഹം ചെയ്യാനുള്ള അവകാശമുണ്ട്- ഉവൈസി പറഞ്ഞു. നിയമസഭയില്‍ മത്സരിക്കാനുള്ള പ്രായപരിധി 21 ആക്കി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.