ചെന്നൈ- പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. തേനി ദേവദാനപ്പട്ടി സ്വദേശിയായ 48 കാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞ് സ്വന്തം അച്ഛന്റേതാണെന്ന് ഡി.എന്‍.എ. പരിശോധനയിലാണ് സ്ഥിരീകരിച്ചത്. തന്നെ ഗര്‍ഭിണിയാക്കിയെന്ന 17കാരിയുടെ പരാതിയില്‍ നേരത്തേ ഒരു യുവാവിനെ അറസ്റ്റുചെയ്തിരുന്നു. അയാള്‍ ജയിലില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി നിരപരാധിത്വം തെളിയിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് കേസില്‍ വഴിത്തിരിവായത്.
ഡി.എന്‍.എ. പരിശോധനയില്‍ യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. ഭാര്യയുമായി വേര്‍പിരിഞ്ഞുതാമസിക്കുന്ന 48കാരന് 19 വയസ്സുള്ള മകനും 17കാരിയായ മകളുമുണ്ട്. അവര്‍ ദിണ്ടിക്കലില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു. ഈവര്‍ഷം ഫെബ്രുവരിയില്‍ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അതേസമയം, 22കാരനായ ഒരു ബന്ധു തന്നെ ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയെന്നായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം യുവാവിനെ തേനി ഓള്‍ വുമണ്‍ പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍, പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം തുടങ്ങി. പോലീസും ഒപ്പംനിന്നു. ഡി.എന്‍.എ. പരിശോധനയില്‍ യുവാവിന്റെ കുഞ്ഞല്ല എന്നുതെളിഞ്ഞതോടെ യഥാര്‍ഥകുറ്റവാളിയെ കണ്ടെത്താന്‍ വീണ്ടും അന്വേഷണം തുടങ്ങിയെന്ന് തേനി ഇന്‍സ്‌പെക്ടര്‍ പി. ഉഷ സെല്‍വരാജ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയോട് വിവരം തിരക്കിയപ്പോള്‍ കഴിഞ്ഞവര്‍ഷം ഏതാനുംമാസം മകള്‍ അച്ഛനൊപ്പം താമസിച്ചതായി മനസ്സിലായി. തുടര്‍ന്ന്, പോലീസ് അച്ഛന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ. പരിശോധിക്കുകയായിരുന്നു.അറസ്റ്റിലായ 48കാരനെ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ നിലവില്‍ പോക്‌സോയുടെ ഒരു വകുപ്പുപ്രകാരം മാത്രമാണ് കേസെടുത്തതെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.