Sorry, you need to enable JavaScript to visit this website.

മലയാളി വിദ്യാർത്ഥിനിയെ തടവിൽ പാർപ്പിച്ച മടിക്കേരിയിലെ വീട്ടിൽ ബിയർ കുപ്പികൾ

കാസർകോട്- മംഗളൂരുവിലെ മലയാളിയായ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ച മടിക്കേരി മൈസൂർ റോഡിലെ ആൾപ്പാർപ്പില്ലാത്ത മൂന്നു നില വീട് പോലീസ് കണ്ടെത്തി. കാസർകോട് വനിതാ പോലീസ് സ്റ്റേഷനിലെ എസ്.ഐ അജിതയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പെൺകുട്ടിയുടെ കണ്ണട മുറിയിൽ നിന്ന് കണ്ടെടുത്തു. പ്രതികൾ വീട്ടിലെത്തിച്ച ബിയറിന്റെ ഒഴിഞ്ഞ ആറു കുപ്പികൾ തെളിവായി ശേഖരിച്ചു. സിഗരറ്റ് കുറ്റികളും അതേപടി സംഭവസ്ഥലത്തുണ്ടായിരുന്നു. നമ്പർ പോലുമില്ലാത്ത രണ്ട് നില വീടാണിത്. കെട്ടിടത്തിന്റെ അണ്ടർ ഗ്രൗണ്ടിലും മുറികളുണ്ട്.  പെൺകുട്ടിയെ ഇവിടെ എത്തിക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഹൈവേക്കരികിലെ മറ്റൊരു ഹോട്ടലിലെ ജീവനക്കാർ മുഖേനയാണ് കുറ്റിക്കാടുകൾക്ക് നടുവിലെ ദുരൂഹത നിറഞ്ഞ വീട് പ്രതികൾക്ക് തരപ്പെടുത്തിക്കൊടുത്തത്. കുടുംബസമേതം താമസിക്കാൻ വന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേസിലെ പ്രതി അഖിലേഷ് ചന്ദ്രശേഖർ വീടിന്റ താക്കോൽ വാങ്ങിയതെന്ന് കർണ്ണാടക സ്വദേശിയായ ഇസ്മയിൽ പറഞ്ഞു. അഖിലേഷ് ചന്ദ്രശേഖറിന്റെ ഡ്രൈവിങ്ങ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി നൽകിയിരുന്നത്. വാടകയായി 3000 രൂപ കേസിലെ ഒന്നാം പ്രതി സന്ദീപ് സുന്ദരനാണ് ഗൂഗിൾ പേ മുഖേന നൽകിയത്. കാർ അകലെ നിർത്തിയാണ് മൂന്ന് പുരുഷന്മാർ വീട് നോക്കാൻ വന്നതെന്ന് ഇസ്മയിൽ പോലീസിനോട് പറഞ്ഞു. തിരിച്ചറിയൽ കാർഡും പണവും ലഭിച്ചതോടെ താക്കോൽ നൽകി. ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പെൺകുട്ടിയെ അകത്ത് കയറ്റിയതെന്നാണ് നിഗമനം. നവംബർ 28 ന് ഉച്ചയ്ക്ക് മംഗലാപുരത്തെ ഹോസ്റ്റലിലേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോഴാണ് പരിചയക്കാരിയായ മറ്റൊരു വിദ്യാർത്ഥിനി സൗഹൃദം നടിച്ച് പെൺകുട്ടിയെ കുമ്പളയിൽ ഇറക്കി കാറിൽ കൂട്ടിക്കൊണ്ടുപോയത്. മാനസപാർക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച് മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കാസർകോട് വനിതാ പോലീസ് സ്റ്റേഷനിൽ കേസെടുത്തു. ചട്ടഞ്ചാൽ പ്രസ്റ്റീജ് എഡ്യൂ സൊല്യൂഷൻ സ്ഥാപന ഉടമകളായ ചട്ടഞ്ചാലിലെ സന്ദീപ് സുന്ദരൻ (26), ബദിയഡുക്കയിലെ അഖിലേഷ് ചന്ദ്രശേഖരൻ (26), കണ്ണൂർ ആലക്കോട്ടെ ജോൺസൻ (20), മുള്ളേരിയയിലെ സന്ധ്യാ കൃഷ്ണൻ (20), കോഴിക്കോട് സ്വദേശിനി അഞ്ജിത (24) എന്നിവർക്കെതിരെയാണ് കേസ്.
 

Latest News