ന്യൂദല്‍ഹി- എം.പിമാരുടെ ശമ്പളം നിര്‍ണയിക്കുന്നതിന് ഇതുവരെ എന്തുകൊണ്ട് ഒരു സംവിധാനവും ഏര്‍പ്പെടുത്തിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യം. ഈ വിഷയം 12 വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുകയാണ്. ഇങ്ങനെ തുടരാനാവില്ലെന്നും മാര്‍ച്ച് ആറിനകം കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വ്യക്തമായ നിലപാട് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
2006-ല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെട്ട സര്‍വകക്ഷി യോഗത്തിലാണ് എം.പിമാരുടെ ശമ്പളം നിര്‍ണയിക്കാന്‍ ഒരു സംവിധാനം നടപ്പിലാക്കണമെന്ന് തീരുമാനമെടുത്തത്. ഇതിനു ശേഷം ഇതുസംബന്ധിച്ച് ഒരു നീക്കവുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് പ്രഹരി എന്ന സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എം.പിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും നിര്‍ണയിക്കുന്നതിന് സ്വതന്ത്രവും സ്ഥിരവുമായ ഒരു സംവിധാനം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. മുന്‍ എംപിമാര്‍ക്ക് നല്‍കി വരുന്ന പെന്‍ഷന്‍, ഇണകള്‍ക്കുള്ള സൗജന്യ ട്രെയന്‍ യാത്ര എന്നീ ആനുകൂല്യങ്ങള്‍ എടുത്തു മാറ്റണെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
പുതിയ കേന്ദ്ര ബജറ്റില്‍ ഇത്തവണ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. ഇതുപ്രകാരം ഇരട്ടിയോളം വര്‍ധിച്ച് ഇപ്പോള്‍ ഒരു ലക്ഷമാണ് എം.പിമാരുടെ ശമ്പളം. ഇതിനു പുറമെ അലവന്‍സുകളിലും മറ്റ് ആനുകൂല്യങ്ങളിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതിനു പുറമെ പണപ്പെരുപ്പ നിരക്കനുസരിച്ച് ഓരോ അഞ്ചു വര്‍ഷത്തിലും എം.പിമാരുടെ ശമ്പളത്തില്‍ വര്‍ധന വേണമെന്നും ധനകാര്യ മന്ത്രി നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം നിര്‍ണയിക്കുന്ന ശമ്പള കമ്മീഷന്‍ പോലുള്ള സംവിധാനം എം.പിമാരുടെ ശമ്പളം നിര്‍ണയിക്കാനും വേണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്.