ന്യൂദൽഹി- സുപ്രീം കോടതിയിൽ ഹാദിയ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തനിക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്താൻ അമ്മ ശ്രമിച്ചുവെന്നും ഇക്കാര്യം അറിയിക്കാൻ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും എസ്.പി തിരിഞ്ഞുനോക്കിയില്ലെന്നും ഹാദിയ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരം തന്നെ വീട്ടിലേക്ക് മാറ്റിയ ശേഷം കനത്ത പീഡനമാണ് ഏൽക്കേണ്ടി വന്നത്. വീട്ടിൽ അമ്മ പാകം ചെയ്തിരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. എന്നാൽ ഒരു ദിവസം അമ്മ ഭക്ഷണം ഉണ്ടാക്കികൊണ്ടിരിക്കേ അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ ഭക്ഷണത്തിലെന്തോ കലർത്തുന്നത് ശ്രദ്ധയിൽ പെട്ടു. ഇത് തന്നെ ഞെട്ടിച്ചു. അമ്മയുടെ പ്രവൃത്തി പോലീസിന്റെ ശ്രദ്ധയിൽപെടുത്തി. എന്നാൽ ഇത് ശ്ര്ദ്ധിക്കാൻ പോലീസ് തയ്യാറായില്ല. അന്ന് മുതൽ സ്വന്തമായി ഭക്ഷണം തയ്യാറാക്കുകയായിരുന്നു. ഞാൻ പോലീസിനോട് പലതവണ പരാതി പറഞ്ഞിട്ടും ശ്രദ്ധിക്കാൻ പോലും തയ്യാറായില്ലെന്നും ഹാദിയ പറയുന്നു.
പോലീസ് തന്റെ പരാതി കേൾക്കാത്തതിനെ തുടർന്ന് നിരാഹാരമിരുന്നു. ആറുദിവസത്തെ നിരാഹാരം കാരണം ആരോഗ്യം മോശമായി. തുടർന്ന് ഒരിക്കൽ ആശുപത്രിയിൽ കൊണ്ടുപോയി. രാഹുൽ ഈശ്വർ തന്നെ കാണാൻ മൂന്നുവട്ടം വന്നിരുന്നു. ഇസ്ലാം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടു. തന്റെ നിശ്ചയദാർഢ്യം രാഹുൽ ഈശ്വറിന് ബോധ്യമായി. മരിച്ചാൽ ഇസ്്‌ലാം ആചാരപ്രകാരമാണ് സംസ്‌കാരം നടത്തേണ്ടതെന്നും ഇക്കാര്യം പുറംലോകത്തെ അറിയിക്കണമെന്നും രാഹുൽ ഈശ്വറിനോട് പറഞ്ഞിരുന്നുവെന്നും സത്യവാങ്മൂലത്തിൽ ഹാദിയ വ്യക്തമാക്കുന്നു.