Sorry, you need to enable JavaScript to visit this website.

ശുഹൈബിനെ കൊന്ന സംഘത്തിൽ ആകാശ് തില്ലങ്കേരിയില്ലെന്ന് 

കണ്ണൂർ- മട്ടന്നൂരിലെ കോൺഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊന്ന സംഘത്തിൽ സി.പി.എം പ്രവർത്തകൻ ആകാശ് തില്ലങ്കേരിയില്ലെന്ന് ശുഹൈബിനെ കൊല്ലുന്നത് തടയാൻ ശ്രമിച്ച സുഹൃത്ത് നൗഷാദ്. ശുഹൈബിനെ കൊന്നത് ടി.പി കൊലക്കേസിലെ പ്രതി കിർമാണി മനോജാണെന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ആരോപണത്തിന് ബലം വെക്കുന്ന വെളിപ്പെടുത്തലാണ് നൗഷാദ് നടത്തിയത്. ആകാശ് തില്ലങ്കേരിയെ നേരത്തെ തന്നെ അറിയാമെന്നും നൗഷാദ് പറയുന്നു. മൂന്നുപേരാണ് ശുഹൈബിനെ വെട്ടിയത്. ആ മൂന്നുപേരിൽ ആകാശില്ല. ആകാശിനെ നേരത്തെ തന്നെ അറിയാമെന്നും നൗഷാദ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് നൗഷാദ് ഇങ്ങിനെ പറഞ്ഞത്. സി.പി.എം പ്രാദേശിക നേതൃത്വമാണ് ആകാശ് തില്ലങ്കേരിയെ പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയത്. 
ശുഹൈബിന്റെ കൊല സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കോൺഗ്രസ് ആവർത്തിച്ചു. കോൺഗ്രസ് നേതാവ് സുധാകരൻ നടത്തുന്ന നിരാഹാരസമരം വ്യാഴാഴ്ച്ച വരെ നീട്ടാനും തീരുമാനിച്ചു. കിർമാണി മനോജാണ് കൊല നടത്തിയതെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആരോപിച്ചു. ശുഹൈബിനെ കൊലപ്പെടുത്തിയ രീതി കണ്ടാൽ ഇക്കാര്യം വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ശുഹൈബിനെയും കൊലപ്പെടുത്തിയത്. കിർമാണി മനോജ് ഇപ്പോൾ പരോളിൽ നാട്ടിലുണ്ടെന്നും സുധാകരൻ പറഞ്ഞു. കിർമാണിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് പ്രാദേശിക ആളുകളെ ഉൾപ്പെടുത്തിയാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും സുധാകരൻ ആരോപിച്ചു. 

Latest News